കൂറ്റന്‍ ജയം നേടി സൂപ്പര്‍ 12ലേക്ക് ബംഗ്ലാദേശ്

പാപുവ ന്യൂ ഗിനിയ്ക്കെതിരെ 84 റൺസ് വിജയവുമായി ബംഗ്ലാദേശ് സൂപ്പര്‍ 12ലേക്ക്. ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് കാലിടറിയ ശേഷം ഒമാനെ പരാജയപ്പെടുത്തി ഇന്നത്തെ മത്സരത്തിനായി എത്തിയ ബംഗ്ലാദേശിന് പിഎന്‍ജിയ്ക്കെതിരെ വിജയം ആവശ്യമായിരുന്നു അടുത്ത റൗണ്ടിലേക്ക് കടക്കുവാന്‍.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മഹമ്മദുള്ള(50), ഷാക്കിബ് അല്‍ ഹസന്‍(46), ലിറ്റൺ ദാസ്(29), എന്നിവര്‍ക്കൊപ്പം അടിച്ച് തകര്‍ത്ത മുഹമ്മദ് സൈഫുദ്ദീന്‍(6 പന്തിൽ പുറത്താകാതെ 19), അഫിഫ് ഹൊസൈന്‍(21) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 181/7 എന്ന സ്കോര്‍ നേടുകയായിരുന്നു. ബൗളിംഗ് ടീമിന് വേണ്ടി കബൗ മോറിയ, ഡാമിയന്‍ രാവു, അസ്സദ് വാല എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പിഎന്‍ജി 97 റൺസിന് അവസാന ഓവറിൽ മൂന്ന് പന്ത് അവശേഷിക്കെ ഓള്‍ഔട്ട് ആകുകയായിരുന്നു. കിപ്ലിന്‍ ഡോറിഗ 46 റൺസുമായി പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി.

ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാലും മുഹമ്മദ് സൈഫുദ്ദീന്‍, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.