വനിത ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരം കൈവിട്ട ശേഷം ശ്രീലങ്കയ്ക്കെതിരെ 123 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ പിറക്കുന്നതിന് മുമ്പ് അലൈസ ഹീലിയെ നഷ്ടമായ ടീം 3.2 ഓവറില്‍ 10/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
ഓസ്ട്രേലിയ രണ്ടാം തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളില്‍ നിന്ന് റേച്ചല്‍ ഹെയ്ന്‍സ്-മെഗ് ലാന്നിംഗ് കൂട്ടുകെട്ട് മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടു വരികയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 95 റണ്‍സാണ് ഓസ്ട്രേലിയന്‍ വിജയത്തിന് അടിത്തറ.
ഒപ്പത്തിനൊപ്പം ഇരു ടീമുകളും നീങ്ങിയപ്പോള്‍ 30 പന്തില്‍ നിന്ന് 44 റണ്‍സായിരുന്നു അവസാന ഓവറുകളിലേക്ക് മത്സരം കടന്നപ്പോള്‍ ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. സുഗന്ദിക കുമാരി എറിഞ്ഞ 16ാം ഓവറില്‍ റേച്ചല്‍ ഹെയ്‍ന്‍സ് രണ്ട് സിക്സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 18 റണ്‍സായിരുന്നു. ഇതോടെ ലക്ഷ്യം 24 പന്തില്‍ 26 ആയി ചുരുങ്ങി.
റേച്ചല്‍ ഹെയ്‍ന്‍സിന്റെ ക്യാച്ച് ശ്രീലങ്ക കൈവിട്ടുവെങ്കിലും തൊട്ടുത്ത ഓവറില്‍ താരം പുറത്തായപ്പോള്‍ ഓസ്ട്രേലിയ 17 പന്തില്‍ 18 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 47 പന്തില്‍ നിന്ന് 60 റണ്‍സാണ് റേച്ചല്‍ നേടിയത്. അതേ ഓവറില്‍ തന്നെ മെഗ് ലാന്നിംഗിന്റെ ക്യാച്ചും ശ്രീലങ്ക കൈവിട്ടു. അതിന് ശേഷം ലാന്നിംഗും നിക്കോള കാറെയും നേടിയ ബൗണ്ടറികള്‍ ടീമിനെ വിജയത്തിന് കൂടുതല്‍ അരികിലേക്ക് എത്തിച്ചു.
നിക്കോള കാറയെ നഷ്ടമായെങ്കിലും മെഗ് ലാന്നിംഗും എല്‍സെ പെറിയും ചേര്‍ന്ന് 3 പന്ത് അവശേഷിക്കെ ഓസ്ട്രേലിയയെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മെഗ് ലാന്നിംഗ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി ചാമരി അട്ടപ്പട്ടു അര്‍ദ്ധ ശതകം നേടി. 38 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റനൊപ്പം അനുഷ്ക സഞ്ജീവനി(25), ഉമേഷ തിമാഷിനി(20), നീലാക്ഷി ഡി സില്‍വ(18) എന്നിവരും നിര്‍ണ്ണായക പ്രകടനം നടത്തി. എന്നിരുന്നാലും അട്ടപ്പട്ടു പുറത്തായ ശേഷം ശ്രീലങ്കയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം 122 എന്ന സ്കോര്‍ നേടിയത്. ഓസ്ട്രേലിയയ്ക്കായി മോളി സ്ട്രാനോ, നിക്കോള കാറെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.