100 ടെസ്റ്റ് ജയങ്ങൾ സ്വന്തമാക്കി ന്യൂസിലാൻഡ്

Photo: Twitter/@BLACKCAPS

ടെസ്റ്റ് ക്രിക്കറ്റിൽ 100 ജയങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ്. ടെസ്റ്റിൽ തങ്ങളുടെ അരങ്ങേറ്റം നടത്തി 90 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ടെസ്റ്റിൽ 100 ജയങ്ങൾ പൂർത്തിയാക്കിയത്. ഇന്ത്യക്കെതിരെയുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ഏകപക്ഷീയമായി ജയിച്ചാണ് ന്യൂസിലാൻഡ് നൂറാം ടെസ്റ്റ് വിജയം ആഘോഷിച്ചത്. പത്ത് വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ തോൽപ്പിച്ചത്.

441 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിൽ നിന്നാണ് ന്യൂസിലാൻഡ് 100 ജയങ്ങൾ സ്വന്തമാക്കിയത്. 199 മത്സരങ്ങളിൽ നിന്ന് 100 ടെസ്റ്റ് ജയങ്ങൾ സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ടീമുകളിൽ മുൻപിൽ. 432 മത്സരങ്ങൾ കളിച്ചതിന് ശേഷമാണ് ഇന്ത്യ 100 ടെസ്റ്റ് ജയങ്ങൾ സ്വന്തമാക്കിയത്.

ന്യൂസിലൻഡിനെയും ഇന്ത്യയെയും ഓസ്ട്രേലിയയെയും കൂടാതെ ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ എന്നീ ടീമുകളും ടെസ്റ്റിൽ 100 ജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ഫെബ്രുവരി 29ന് ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടക്കും.