ഓസ്ട്രേലിയ ഖത്തർ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചു, ഷൂട്ടൗട്ടിൽ സബ്ബായി എത്തി റെഡ്മെയ്ൻ ഹീറോ, പെറുവിന് കണ്ണീർ

ഓസ്ട്രേലിയ തുടർച്ചയായ അഞ്ചാം തവണയും ലോകകപ്പിന് പോകും. ഇന്ന് ഖത്തറിൽ വെച്ച് പെറുവിനെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ മറികടന്നാണ് ഓസ്ട്രേലിയ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

ഇന്ന് ദോഹയിൽ നടന്ന ഇന്റർ കോണ്ടിനന്റൽ പ്ലേ ഓദ് ഫൈനലിൽ പെറുവും ഓസ്ട്രേലിയയും തുടക്കം മുതൽ ഒപ്പത്തിനൊപ്പം ആണ് നിന്നത്. ഇരു ടീമുകൾക്കും അതിനിർണായക മത്സരം ആയത് കൊണ്ട് തന്നെ വളരെ കരുതലോടെയും ഭയത്തോടെയുമാണ് ഇരു ടീമുകളും കളിച്ചത്. ആദ്യ 90 മിനുട്ടിൽ അതുകൊണ്ട് തന്നെ ഒരു ഗോളും പിറന്നില്ല. ഒരു ഗോൾ എന്നല്ല നല്ല ഒരു അവസരം പോലും പിറന്നില്ല. ആകെ ഓസ്ട്രേലിയ 87ആം മിനുട്ടിൽ സൃഷ്ടിച്ച അവസരം മാത്രമായിരുന്നു ഗോളായേക്കുമെന്ന ചെറിയ പ്രതീക്ഷ എങ്കിലും തന്നത്.
20220614 022918
കളി എക്സ്ട്രാ ടൈമിലേക്ക് പോയപ്പോൾ ആദ്യ പകുതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. 105 മിനുട്ടുകൾ കഴിഞ്ഞപ്പോഴും സ്കോർ 0-0. ആകെ വന്നത് മൂന്ന് ഷോട്ട് ഓൺ ടാർഗറ്റുകൾ. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ആണ് കുറച്ചെങ്കിലും അറ്റാക്ക് വന്നത്. രണ്ട് നല്ല അറ്റാക്കുകൾ പെറുവിൽ നിന്ന് വന്നു. ഫ്ലൊറസിന്റെ ഒരു ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത് പെറുവിന് നിരാശ നൽകി.

അവസാനം 120 മിനുട്ടും കഴിഞ്ഞപ്പോൾ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്. ആൻഡ്രു റെഡ്മെയ്നെ മാറ്റ് റയാന് പകരം പെനാൾട്ടി തടയാൻ ആയി ഓസ്ട്രേലിയ ഇറക്കി.
ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ആദ്യ കിക്ക് തന്നെ നഷ്ടമായി. ഗലാസെയുടെ മികച്ച സേവ് പെറുവിന് പ്രതീക്ഷ നൽകി. പക്ഷെ പെറു മൂന്നാമത്തെ കിക്ക് നഷ്ടപ്പെടുത്തിയതോടെ പെനാൾട്ടിയിൽ സ്കോർ 2-2 എന്നായി.
20220614 022905
ഓസ്ട്രേലിയൻ ഗോൾ കീപ്പർ. റെഡ്മെയ്ൻ ഗോൾ വരയ്ക്ക് മുന്നിൽ നിൽക്കാതെ ഡാൻസ് ചെയ്ത് കൊണ്ടേ ഇരുന്നത് പെറുവിന്റെ പെനാൾട്ടി എടുക്കുന്നവരെ സമ്മർദ്ദത്തിൽ ആക്കി എങ്കിലും അടുത്ത കിക്കുകൾ അവരും ഓസ്ട്രേലിയയും വലയിൽ എത്തിച്ചു. അഞ്ച്യ് പെനാൾട്ടി കഴിഞ്ഞപ്പോൾ 4-4 എന്ന നിലയിൽ.

പിന്നെ സഡൻ ഡെത്തിലേക്ക്. സഡൻ ഡെത്തിൽ ആൻഡ്രു റെഡ്മെയ്ൻ ഓസ്ട്രേലിയയുടെ ഹീറോ ആയി. ഷൂട്ടൗട്ട് ജയിച്ച് ഓസ്ട്രേലിയ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.

ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ്,ഡെന്മാർക്ക്, ടുണീഷ്യ എന്നിവർക്ക് ഒപ്പം ആകും ഓസ്ട്രേലിയ ലോകകപ്പിൽ ഇറങ്ങുക.