ഓസ്ട്രേലിയ ഞങ്ങളെ എല്ലാ മേഖലയിലും കടത്തിവെട്ടി

- Advertisement -

ഓസ്ട്രേലിയ തങ്ങളെ എല്ലാ മേഖലകളിലും കടത്തിവെട്ടിയെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. തുടക്കത്തില്‍ ഇംഗ്ലണ്ട് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പല പ്രാവശ്യം ബീറ്റ് ചെയ്തുവെന്നും ഭാഗ്യം ഇല്ലാത്തതാണ് വിക്കറ്റ് നേടാതിരിക്കുവാന്‍ കാരണമെന്നും മോര്‍ഗന്‍ പറഞ്ഞു. എന്നാല്‍ അതിനു ശേഷം അവര്‍ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെന്നും അതാണ് മത്സരത്തിലെ വഴിത്തിരിവായതെന്നും മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് നിരയില്‍ സമാനമായ രീതിയില്‍ ഒരു കൂട്ടുകെട്ടും പിറന്നില്ലെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.

വിക്കറ്റ് തുടക്കത്തില്‍ വളരെ ‘സോഫ്ടാ’യിരുന്നുവെന്നും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുന്നത് മണ്ടത്തരം ആയിരുന്നുവെന്നും താന്‍ വിശ്വസിക്കുന്നു എന്ന് ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. ഫിഞ്ച് മികച്ച രീതിയില്‍ കളിച്ച്, ലഭിച്ച തുടക്കം ശതകത്തിലേക്ക് മാറ്റി. ഒരു ഘട്ടത്തില്‍ അവര്‍ 330 നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇംഗ്ലണ്ട് മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്തിയെന്ന് വ്യക്തമാക്കിയ മോര്‍ഗന്‍ പക്ഷേ 20/3 എന്ന നിലയിലേക്ക് ടീം വീണത് തിരിച്ചടിയായി എന്ന് പറഞ്ഞു.

സാഹചര്യങ്ങള്‍ കണക്കാക്കുമ്പോള്‍ തോല്‍വിയില്‍ വലിയ നിരാശയൊന്നുമില്ല, ഞങ്ങളുടെ വിധി ഞങ്ങളുടെ കൈയ്യില്‍ തന്നെയാണ്, അതിനാല്‍ തന്നെ ഞങ്ങള്‍ ജയിച്ചാല്‍ ഞങ്ങള്‍ക്ക് സെമിയിലെത്താനാകുമെന്നും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നില്ലെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.

Advertisement