ആദ്യ ഫൈനൽ കളിച്ച ഏഴാം സീഡ് ജർമ്മനിയുടെ അലക്സാണ്ടർ സെർവിനെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്ന് ഓസ്ട്രിയൻ താരം ഡൊമനിക് തീം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടന്നു. നദാലിനെ മറികടന്ന് സെമിഫൈനലിൽ എത്തിയ അഞ്ചാം സീഡ് ആയ തീമിന്റെ കരിയറിൽ ഇത് മൂന്നാം ഗ്രാന്റ് സ്ലാം ഫൈനൽ ആണ്, മുമ്പ് രണ്ടു പ്രാവശ്യവും ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയ തീം ഇത് ആദ്യമായാണ് മറ്റൊരു ഗ്രാന്റ് സ്ലാം ഫൈനലിൽ എത്തുന്നത്. ആദ്യ സെറ്റിൽ ഇരു താരങ്ങളും പരസ്പരം സർവീസുകൾ ബ്രൈക്ക് ചെയ്താണ് തുടങ്ങിയത്. നന്നായി ആദ്യ സർവീസിൽ പോയിന്റുകൾ കണ്ടത്തിയ സാഷ ഒരിക്കൽ കൂടി തീമിന്റെ സർവീസ് ബ്രൈക്ക് ചെയ്തു ആദ്യ സെറ്റിൽ ആധിപത്യം പിടിച്ചു. 6-3 നു ആദ്യ സെറ്റ് നേടിയ സാഷ തന്റെ സർവീസുകൾ കൊണ്ട് തീമിനെ ബുദ്ധിമുട്ടിച്ചു. എന്നാൽ പിന്നീട് തിരിച്ചു വരവ് നടത്തിയ തീം 22 കാരൻ ആയ സാഷയുടെ പരിചയക്കുറവ് മുതലെടുത്തു. ഇടക്ക് മഴ എത്തിയതിനാൽ ലേവർ അറീനയിലെ മേൽക്കൂര അടക്കുകയും ചെയ്തു എങ്കിലും ഇത് താരങ്ങളെ ബാധിച്ചില്ല.
രണ്ടാം സെറ്റിൽ ആദ്യമെ തന്നെ സാഷയുടെ സർവീസ് ബ്രൈക്ക് ചെയ്ത തീം രണ്ടാം സെറ്റിൽ ആധിപത്യം നേടി. എന്നാൽ തിരിച്ചു ബ്രൈക്ക് ചെയ്ത സാഷ മത്സരത്തിൽ ഒപ്പമെത്തി എന്നാൽ ഒരിക്കൽ കൂടി സാഷയുടെ സർവീസ് ബ്രൈക്ക് ചെയ്ത തീം രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ സാങ്കേതിക കാരണങ്ങളാൽ വെളിച്ചക്കുറവ് നേരിട്ടത് മത്സരം കുറച്ച് സമയം വൈകാൻ ഇടയാക്കി. മൂന്നാം സെറ്റിൽ ആദ്യമെ തന്നെ സാഷയെ പ്രതിരോധത്തിൽ ആക്കിയ തീം ബ്രൈക്ക് സ്വന്തമാക്കി. എന്നാൽ തിരിച്ചടിച്ച സാഷ ബ്രൈക്ക് തിരിച്ചു പിടിച്ചു. പിന്നീട് സർവ്വം മറന്ന് പൊരുതിയ സാഷ പക്ഷെ സമ്മർദ്ധഘട്ടത്തിൽ കളി മറന്നു. തീമിന്റെ സർവീസിൽ സെറ്റ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചു എങ്കിലും ഇത് രക്ഷപ്പെടുത്തിയ തീം സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടി.
ടൈബ്രെക്കറിലൂടെ സെറ്റ് നേടിയ തീം ജയം ഒരു സെറ്റ് അകലെയാക്കി. നാലാം സെറ്റിൽ ഇരു താരങ്ങളും സർവീസ് നിലനിർത്തിയപ്പോൾ മത്സരത്തിൽ രണ്ടാം ടൈബ്രെക്കർ പിറന്നു. കഴിഞ്ഞ കളിയിൽ നദാലിന് എതിരെ 3 ടൈബ്രെക്കറുകൾ ജയിച്ച തീം ഒരിക്കൽ കൂടി ഉണർന്നു കളിച്ചപ്പോൾ രണ്ടാം ടൈബ്രെക്കറും മത്സരവും ഓസ്ട്രിയൻ താരം സ്വന്തമാക്കി. നല്ല സുഹൃത്തുക്കൾ ആയ ഇരു താരങ്ങളും പരസ്പരബഹുമാനം മത്സരശേഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇത് വരെ ഗ്രാന്റ് സ്ലാം നേട്ടങ്ങൾ ഒന്നും ഇല്ലാത്ത തീം തന്റെ ആദ്യ കിരീടം ആവും മറ്റന്നാൾ ലക്ഷ്യം വക്കുക. എന്നാൽ ഓസ്ട്രേലിയൻ ഓപ്പണിൽ മുമ്പ് കളിച്ച 7 ഫൈനലുകളും ജയിച്ച ജ്യോക്കോവിച്ചിനു എതിരെ തീമിനു എന്ത് ചെയ്യാൻ ആവും എന്ന് കണ്ടറിയാം. മുമ്പ് 2 തവണ ഫ്രഞ്ച് ഓപ്പണിൽ നദാലിന് മുമ്പിൽ വീണ തീം മൂന്നാം തവണ കന്നി ഗ്രാന്റ് സ്ലാം ഉയർത്തുമോ എന്നു കണ്ടറിയാം.