ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ തുടർച്ചയായി നടത്തി വരുന്ന ചർച്ചകൾക്ക് ചെൽസിയും ബാഴ്‌സലോണയും വിരാമമിടുന്നു. ഔബമയങിന്റെ കൈമാറ്റം പൂർത്തിയാക്കാൻ ഇരു ടീമുകളും ധാരണയിൽ എത്തിയിട്ടുണ്ട്. മാർക്കോസ് അലോൺസോ ഡീലിൽ ഭാഗമാകും എന്നുള്ളതും ഉറപ്പായി. ഇതോടെ ഈ വർഷം തുടക്കത്തിൽ മാത്രം ക്യാമ്പ് ന്യൂവിൽ എത്തിയ ഔബമയങ്ങിന്റെ ക്യാമ്പ്ന്യൂ വാസം അവസാനിക്കുകയാണ്.
നേരത്തെ കഴിഞ്ഞ കഴിഞ്ഞ ദിവസം ചർച്ചകൾ പുനരാരംഭിച്ച ശേഷം ചെൽസി സമർപ്പിച്ച ആദ്യ ഓഫർ ബാഴ്‌സലോണ തള്ളിയിരുന്നു. ഏഴര മില്യൺ പൗണ്ടും കൂടെ മാർക്കോസ് അലോൻസോയുമായിരുന്നു ചെൽസി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ബാഴ്‌സലോണ ഇത് തള്ളിയതിന് പിറകെ തന്നെ പുതിയ ഓഫർ തയ്യാറാക്കി വീണ്ടും ചെൽസി ബാഴ്‌സയെ സമീപിച്ചു. ഇത്തവണ പത്ത് മില്യണിൽ കൂടുതൽ ആണ് ചെൽസി നൽകാൻ സമ്മതിച്ച തുക എന്നാണ് സൂചനകൾ. ഇത് ബാഴ്‌സ അംഗീകരിച്ചേക്കും.
താരത്തിന് വീട്ടിൽ മോഷണം ശ്രമത്തിനിടെ പരിക്കേറ്റത് ഇടക്ക് പരിഭ്രാന്തി പടർത്തി എങ്കിലും ചെൽസി ഇത് കാര്യമായി എടുത്തിട്ടില്ല. സാരമായ പരിക്ക് അല്ല ഇത് എന്നാണ് മനസ്സിലാവുന്നത്. ഇതോടെ ബാഴ്‌സക്ക് തങ്ങൾ നോട്ടമിട്ട അലോൻസോയെയും ടീമിലേക്ക് എത്തിക്കാൻ വഴിയൊരുങ്ങിയിരിക്കുകയാണ്.