ലൈൻ ജഡ്ജസ് ഇല്ലാത്ത യു എസ് ഓപ്പൺ

shabeerahamed

Tennisball Line

ന്യൂയോർക്കിലെ ബില്ലി ജീൻ ടെന്നീസ് സെന്ററിൽ നടക്കുന്ന വർഷത്തെ അവസാന ഗ്രാൻഡ്സ്ലാം ആയ യുഎസ് ഓപ്പണിൽ ലൈൻ ജഡ്ജസ് അല്ലെങ്കിൽ അമ്പയേഴ്സിനെ കാണാനില്ല. എന്നാൽ ബോൾ ഔട്ട് വിളിക്കുന്നത് കേൾക്കുന്നുമുണ്ട്!

ടെക്‌നോളജിയുടെ കളിയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടർ വന്നാൽ ജോലി പോകും എന്ന ചില നാടുകളിലെ മുദ്രാവാക്യങ്ങളിൽ നിന്ന് നാം ഇന്ന് വളരെ മുന്നോട്ടു പോയിരിക്കുന്നു. എങ്ങനെ ടെക്‌നോളജി ഉപയോഗിച്ചു കാര്യങ്ങൾ എളുപ്പത്തിലാക്കാം, കൃത്യമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇത്.

ടെന്നീസിലെ ആദ്യ ടെക്‌നോളജി മാറ്റം കോർട്ട് സർഫേസ്‌ ആയിരുന്നു. ക്ലേ കോർട്ടിൽ നിന്നും, ഗ്രാസ് കോർട്ടിൽ നിന്നും ഹാർഡ് കോർട്ടിലേക്ക് മാറി. പിന്നീട് റാക്കറ്റിലായി മാറ്റങ്ങളുടെ വിശേഷം. മര റാക്കറ്റിൽ നിന്നു ലാമിനേറ്റഡ് മരത്തിലേക്കും, സ്റ്റീലിലേക്കും, അലുമിനിയത്തിലേക്കും, അവസാനം 1980ൽ ഗ്രഫൈറ്റിലേക്കും റാക്കറ്റുകൾ മാറി. ഇപ്പഴും പുതിയ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ടാണ് മുൻകാലത്തെ ചാമ്പ്യന്മാരുടെ ഷോട്ടുകളുടെ കരുത്തും സ്പീഡും ഇന്നത്തേതുമായി താരതമ്യം ചെയ്യരുത് എന്നു പറയുന്നത്.

കളിയുടെ വേഗത കൂടിയതോടെയാണ് കോർട്ടുകളിലെ തർക്കങ്ങൾ കൂടിയത്. ലൈൻ ജഡ്ജസിന്റെ കോളുകൾ കളിക്കാരും കാണികളും ചോദ്യം ചെയ്തു തുടങ്ങി. ഇതിന് ഒരു പരിധി വരെ ആശ്വാസമായത് 2000 ആണ്ട് കഴിഞ്ഞാണ്. കോർട്ടിലെ ലൈൻ കോളുകൾ കളിക്കാർക്ക് ചോദ്യം ചെയ്യാനും, കൃത്യത ഉറപ്പ് വരുത്താനും ഇത് വഴി സാധിച്ചു. പക്ഷെ എന്നിട്ടും തർക്കങ്ങൾ തുടർന്ന്.

അതേ തുടർന്നാണ് കഴിഞ്ഞ മൂന്നോ നാലോ കൊല്ലങ്ങളായി എല്ലാ ബോളുകളും ഹോക്ക് ഐ വഴി തീരുമാനിക്കാൻ പറ്റുമോ എന്ന ഗവേഷണങ്ങൾ നടന്നത്. അങ്ങനെ 2021 യു എസ് ഓപ്പൺ ടൂർണമെന്റിൽ ആദ്യമായി ലൈൻ ജഡ്ജസിനെ ഒഴിവാക്കി ഹോക്ക് ഐ മാത്രമായി കളികൾ നടത്തി. ബോൾ പുറത്തു ലാൻഡ്‌ ചെയ്യുമ്പോൾ സ്പീക്കറിലൂടെ ഔട്ട് വിളി ഉയരും!

ഹോക്ക് ഐ സംവിധാനത്തിൽ മനുഷ്യ ഇടപെടലുകൾ ഇല്ലാത്തത് കൊണ്ടും, എല്ലാവരോടും ഒരേ നയമാണ് സ്വീകരിക്കുന്നത് എന്നത് കൊണ്ടും കളിക്കാർക്ക് സ്വീകാര്യമായി. കഴിഞ്ഞ കൊല്ലത്തെ വിജയകരമായ ഉപയോഗത്തെ തുടർന്ന് ഇക്കൊല്ലവും യുഎസ് ഓപ്പണിൽ ലൈൻ ജഡ്ജസിനെ ഒഴിവാക്കിയിട്ടുണ്ട്. കോർട്ടിലെ ഡ്രാമകൾ കുറയുമെങ്കിലും കളിയുടെ വിശ്വാസ്യത കൂടും എന്നതിനാൽ ഇത് ഇനി എല്ലാ ടൂർണമെന്റുകളിലും ഒരു സ്ഥിരം ഏർപ്പാടായി ഉടൻ മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.