അറ്റാക്കും ഡിഫൻസും സെറ്റ്!! മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി പ്രശ്നം മധ്യനിരയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തിരി കാലം എടുത്തു എങ്കിലും ഈ സമ്മറിലെ രണ്ട് സൈനിംഗോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദീർഘകാലമായിട്ടുള്ള ഡിഫൻസിലെയും അറ്റാക്കിലെയും പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിരിക്കുകയാണ്. സെന്റർ ബാക്കായി വരാനെയും റൈറ്റ് വിങ്ങിലേക്ക് സാഞ്ചോയും എത്തിയതോടു കൂടെ യൂറോപ്പിൽ ഏത് അറ്റാക്കിനോടും ഏത് ഡിഫൻസിനോടും ഒപ്പം നിൽക്കാവുന്ന ടീമായി യുണൈറ്റഡ് മാറി.

ഡിഫൻസിൽ ഹാരി മഗ്വയർ, വരാനെ, ലൂക് ഷോ, വാൻ ബിസാക എന്നിവരും ഒപ്പം ലിൻഡെലോഫ്, എറിക് ബയി, ടുവൻസെബെ, ടെല്ലസ്, ബ്രണ്ടൺ വില്യംസ് എന്നീ താരങ്ങളും ഇപ്പോൾ ഒലെയ്ക്ക് ഒപ്പം ഉണ്ട്. കൂടാതെ ട്രിപ്പിയയെ യുണൈറ്റഡ് സ്വന്തമാക്കും എന്ന അഭ്യൂഹങ്ങളുമുണ്ട്. ഇവർക്ക് പിറകിൽ ലോക നിലവാരമുള്ള ഡീൻ ഹെൻഡേഴ്സൺ, ഡി ഹിയ എന്നീ രണ്ട് വലിയ ഗോൾ കീപ്പർമാരും യുണൈറ്റഡ് പ്രതിരോധത്തെ ശക്തമാക്കുന്നു.

അറ്റാക്കിൽ കവാനി, സാഞ്ചോ, റാഷ്ഫോർഡ്, ഗ്രീൻവുഡ്, എന്നിവർ ആയിരിക്കും ആദ്യ ഇലവനിലെ പ്രധാന ചോഴ്സുകൾ. ഇവർക്ക് പിറകെ ക്രിയേറ്റീവ് പാസുകൾ നൽകാൻ ബ്രൂണോയും പോഗ്ബയും എത്തുമ്പോൾ യുണൈറ്റഡ് അറ്റാക്ക് ലീഗിലെ തന്നെ ഏറ്റവും മികച്ച അറ്റാക്ക് ആകും. മാർഷ്യൽ, ലിങാർഡ്, ജെയിംസ്, അമദ് തുടങ്ങി അറ്റാക്കിൽ വേറെയും ഏറെ താരങ്ങൾ യുണൈറ്റഡിനുണ്ട്. അറ്റാക്കും ഡിഫൻസും സെറ്റ് ആയെങ്കിലും യുണൈറ്റഡിന് ഇപ്പോഴും പ്രശ്നമാകുന്നത് മധ്യനിര ആകും.

മധ്യനിരയിൽ ഒരു നല്ല സിറ്റിംഗ് മിഡ്ഫീൽഡറോ ഡിഫൻസീവ് മിഡ്ഫീൽഡറോ യുണൈറ്റഡിനില്ല. പ്രധാന ചോഴ്സുകളായ മക്ടോമിനെയും ഫ്രെഡും ഇതുവരെ അത്ര വലിയ പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടില്ല. മാറ്റിചിനാകട്ടെ പ്രായമായതിനാൽ വേഗത കുറയുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിലെ യുണൈറ്റഡിന്റെ അടുത്ത പ്രധാന ലക്ഷ്യം ഒരു നല്ല ഡിഫൻസീവ് മിഡ്ഫീൽഡറെ സൈൻ ചെയ്യുക എന്നതാകും. ഡക്ലൻ റൈസ്, കാമവിങ എന്നിവർക്കായി യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എങ്കിലും ഈ ചർച്ചകൾ ഒക്കെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. ഒരു നല്ല മിഡ്ഫീൽഡറെ കൂടെ സ്വന്തമാക്കാൻ ആയാൽ യുണൈറ്റഡിനെ അത് ഒരു കിരീടം നേടാനുള്ള ടീമാക്കി മാറ്റും.