ഗോകുലം കൈവിട്ടത് എ ടി കെ മോഹൻ ബഗാൻ നേടി, എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിലേക്ക് മുന്നേറി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ എഫ് സി കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഇന്റർ സോൺ സെമി ഫൈനലിലേക്ക് ഒരു ഇന്ത്യൻ ടീം തന്നെ മുന്നേറി. ഗോകുലം കേരള കൈവിട്ടു കളഞ്ഞ ഇന്റർ സോൺ സെമി ഫൈനൽ യോഗ്യത എ ടി കെ മോഹൻ ബഗാൻ ഉറപ്പിച്ചു. ഇന്ന് നിർണായക മത്സരത്തിൽ മാൽഡീവ്സ് ക്ലബായ മാസിയയെ തകർത്തെറിഞ്ഞു കൊണ്ടാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി മോഹൻ ബഗാൻ മുന്നേറിയത്. 5-2ന്റെ വിജയമാണ് മോഹൻ ബഗാൻ നേടിയത്.

ഇന്ന് എന്തായാലും വിജയിക്കണം എന്നത് കൊണ്ട് തന്നെ ആക്രമിച്ചു കളിച്ചാണ് മോഹൻ ബഗാൻ തുടങ്ങിയത്. ആദ്യ പകുതിയിൽ ജോണി കൗകോയുടെ ഇരട്ട ഗോളുകൾ മോഹൻ ബഗാന് 2-1ന്റെ ലീഡ് നൽകി. 26ആം മിനുട്ടിൽ മസിയ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്തായിരുന്നു ജോണി കൗകോയുടെ ആദ്യ ഗോൾ. 37ആം മിനുട്ടിൽ വീണ്ടും കൗകോ ഗോൾ നേടി. മൻവീറിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയുടെ അവസാനം മസിയ ഒരു ഗോൾ മടക്കിയത് മോഹൻ ബഗാന് ചെറിയ ആശങ്ക നൽകി.20220524 212346

രണ്ടാം പകുതിയിലും മോഹൻ ബഗാൻ അറ്റാക്ക് തുടർന്നു. 56ആം മിനുട്ടിൽ സുഭാഷിഷിന്റെ ക്രോസിൽ നിന്ന് റോയ് കൃഷ്ണയുടെ ഗോൾ. ബഗാൻ 3-1ന് മുന്നിൽ. രണ്ട് മിനുട്ട് കഴിഞ്ഞ് സുഭാഷിഷിന്റെ ഗോൾ. സ്കോർ 4-1. മാസിയക്ക് ഒരു തിരിച്ചുവരവില്ല എന്ന് അവർ മനസ്സിലാക്കിയ നിമിഷം. 71ആം മിനുട്ടിൽ കാൾ മക്ഹ്യൂ കൂടെ ഗോൾ നേടിയതോടെ മോഹൻ ബഗാന്റെ വിജയം ഉറപ്പായി. മസിയ ഒരു ഗോൾ കൂടെ മടക്കി എങ്കിലും ഫലം മാറിയില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ 6 പോയിന്റുമായി മോഹൻ ബഗാൻ ഒന്നാമത് ഫിനിഷ് ചെയ്തു. ബഷുന്ധര കിംഗ്സിനും 6 പോയിന്റ് ഉണ്ടെങ്കിലും ഹെഡ് ടു ഹെഡ് മികവ് മോഹൻ ബഗാനെ മുന്നിൽ നിർത്തി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ മോഹൻ ബഗാൻ ഇനി ഇന്റർ സോൺ സെമി ഫൈനലിൽ ആണ് കളിക്കുക.