ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ അറ്റലാന്റയുടെ ജയം തങ്ങളുടെ നഗരത്തിലെ ഡോക്ടർമാർക്കും നേഴ്‌സ്മാർക്കും സമർപ്പിച്ചു അറ്റലാന്റ പ്രസിഡന്റ്. ആരാധകർക്ക് എഴുതിയ തുറന്ന കത്തിൽ അറ്റലാന്റ പ്രസിഡന്റ് ആയ അന്റോനിയ പെർഗാസി ഇതോരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം ആണെന്നും കുറിച്ചു. പ്രീ ക്വാർട്ടറിൽ വലൻസിയെ ഇരുപാദങ്ങളിൽ ആയി 8-4 നു ആണ് അറ്റലാന്റ തകർത്തത്. സ്‌പെയിനിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ കാണികൾ ഇല്ലാതെ ആയിരുന്നു കളിച്ചത്.
കഠിനാധ്വാനത്തിന്റെയും ഒന്നിച്ചു നിന്നതിന്റെയും ജയം ആണ് ഇതെന്ന് കുറിച്ച അദ്ദേഹം യൂറോപ്പിലെ ഏറ്റവും മികച്ച 8 ടീമുകളിൽ ഒന്നായി അറ്റലാന്റ മാറിയതിൽ അഭിമാനം കൊള്ളുന്നത് ആയും കുറിച്ചു. എന്നാൽ ഇറ്റലിയും ലോകവും ഒരു വൈറസ് കാരണം അനുഭവിക്കുന്ന ഈ മോശം സമയത്ത് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം വ്യക്തമാക്കാൻ ആണ് നേട്ടം അദ്ദേഹം ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിച്ചത്. മത്സരശേഷം ആരാധകരോട് ആഘോഷങ്ങൾക്ക് ആയി കർഫ്യൂ ലംഘിച്ച് പുറത്ത് ഇറങ്ങരുത് എന്നും അറ്റലാന്റ വ്യക്തമാക്കിയിരുന്നു.
 
					












