ഓസ്‌ട്രേലിയൻ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകി ലോക ഒന്നാം നമ്പർ ആഷ്‌ലി ബാർട്ടി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും കൈവിടാതെ സെമിയിൽ എത്തിയ ബാർട്ടി സെമിയിൽ അമേരിക്കൻ താരം മാഡിസൺ കീയ്സിന് ഒരു അവസരവും നൽകിയില്ല. ടൂർണമെന്റിൽ ഇത് വരെ ഒരിക്കൽ മാത്രം സർവീസ് ബ്രൈക്ക് വഴങ്ങിയ ബാർട്ടി അമേരിക്കൻ താരത്തെ സെമിയിൽ നിലക്ക് നിർത്തിയില്ല. ആദ്യ സെറ്റ് 6-1 നേടിയ ബാർട്ടി രണ്ടാം സെറ്റ് 6-3 നു നേടി മത്സരം അനായാസം അവസാനിപ്പിച്ചു.
1980 തിൽ വെന്റി ടേർൺബലിനു ശേഷം ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തുന്ന ഓസ്‌ട്രേലിയൻ താരമായി മാറി മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ബാർട്ടി. മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത ഓസ്‌ട്രേലിയൻ താരം നാലു തവണയാണ് അമേരിക്കൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്. നിലവിലെ ഫോമിൽ ഫൈനലിലും ബാർട്ടിക്ക് ആരും വെല്ലുവിളി ഉയർത്തും എന്നു കരുതാൻ ആവില്ല. അങ്ങനെയെങ്കിൽ പതിറ്റാണ്ടുകളായുള്ള ഓസ്‌ട്രേലിയൻ ജേതാവ് എന്ന നാട്ടുകാരുടെ കാത്തിരിപ്പിന് മറ്റെന്നാൽ ബാർട്ടി അന്ത്യം കുറിക്കും.