പൂനെ സിറ്റിയുടെ മലയാളി താരമായ ആഷിക് കുരുണിയൻ ക്ലബ് വിട്ട് ബെംഗളൂരു എഫ് സിയിലേക്ക് പോകുന്നു. താരത്തെ കൈമാറ്റം ചെയ്യാനായി പൂനെ സിറ്റിയും ബെംഗളൂരു എഫ് സിയുമായി ധാരണയായി കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പൂനെ സിറ്റിയിൽ കരാർ ബാക്കിയുള്ള ആഷിഖിനായി വൻ തുക തന്നെയാണ് ബെംഗളൂരു എഫ് സി മുടക്കുന്നത്. 70 ലക്ഷം ആകും ബെംഗളൂരു എഫ് സി ആഷിഖിനായി പൂനെയ്ക്ക് നൽകുക.
ഒരു ഇന്ത്യൻ താരത്തിനായി മുടക്കുന്ന രണ്ടാമത്തെ വലിയ ട്രാൻസ്ഫ്ർ തുകയായിരിക്കും ഇത്. നേരത്തെ സൂസൈരാജിനെ എ ടി കെ സ്വന്തമാക്കിയപ്പോൾ മാത്രമാണ് ഒരു താരത്തിന് വേണ്ടി ഇതിനേക്കാൾ അധികം ട്രാൻസ്ഫർ തുക ഇന്ത്യൻ ഫുട്ബോളിൽ ചിലവഴിച്ചിട്ടുള്ളത്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് ആഷിഖ്. പിന്നീട് ആ അക്കാദമി പൂനെ സിറ്റി അക്കാദമി ആയി മാറിയതോടെ ഐ എസ് എൽ ക്ലബിന്റെ ഭാഗമാവുകയായിരുന്നു ആഷിക്. അതുമുതൽ പൂനെ സിറ്റിക്ക് ഒപ്പം തന്നെ ആയിരുന്നു ആഷിഖ്. അവസാന കുറച്ച് സീസണുകളിലായി പൂനെ സിറ്റിയുടെ ഏറ്റവും നല്ല ഇന്ത്യൻ താരമായിരുന്നു ആഷിഖ്.
കഴിഞ്ഞ സീസണിൽ താരത്തിന് പൂനെ സിറ്റി ശമ്പളം പോലും കൊടുക്കാത്തത് വിവാദമായിരുന്നു. അവസാനം എ ഐ എഫ് എഫിന് പരാതി നൽകിയ ശേഷമാണ് ആഷികിന്റെ ആ പ്രശ്നത്തിന് പരിഹാരമായത്. പൂനെ സിറ്റിയിൽ നേരിട്ട ഈ പ്രശ്നമാണ് ആഷികിനെ ക്ലബ് വിടാൻ നിർബന്ധിതനാക്കിയത്.