ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 172 റൺസിന് ഓൾ ഔട്ടായി എങ്കിലും അവർ ശക്തമായ തിരിച്ചുവരവ് നടത്തി. ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ബൗളിംഗ് നിരയുടെ മികച്ച പ്രകടനത്തിൽ ഓസ്‌ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിൽ ഒന്നാം ദിനം കളി നിർത്തി, ഇംഗ്ലണ്ട് ഇപ്പോഴും 49 റൺസിന് മുന്നിലാണ്.

സ്റ്റോക്സ് അഞ്ച് വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി 58 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിംഗിൽ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46) എന്നിവർ ചെറുത്തുനിന്നെങ്കിലും സ്റ്റാർക്കിന്റെ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
നായകൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഉൾപ്പെടെയുള്ള പ്രധാന താരങ്ങളുടെ അഭാവത്തിലും ഓസ്‌ട്രേലിയൻ ബൗളിംഗ് നിര സന്ദർശകരെ സമ്മർദ്ദത്തിലാക്കി, കാമറൂൺ ഗ്രീനും നഥാൻ ലിയോണും ശ്രദ്ധേയമായ സംഭാവനകൾ നൽകി.
സ്റ്റോക്സ് 6 ഓവറിൽ ആണ് 5 വിക്കറ്റുകൾ നേടിയത്. 26 റൺസ് എടുത്ത അലക്സ് കാരി ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ലിയോണും ബ്രണ്ടണും ആണ് കളി നിർത്തുമ്പോൾ ക്രീസിൽ ഉള്ളത്.














