ബ്രസീൽ, ഇറ്റലി രാജ്യങ്ങൾക്ക് ഇടയിൽ ഏത് രാജ്യത്തിനു വേണ്ടി കളിക്കണം എന്നു താൻ ഇത് വരെ തീരുമാനിച്ചിട്ടില്ല എന്ന് ആഴ്സണൽ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി. ബ്രസീലിൽ ജനിച്ച മാർട്ടിനെല്ലിയുടെ അച്ഛൻ ഇറ്റാലിയൻ ആയതിനാൽ തന്നെ ഇറ്റാലിയൻ പൗരത്വം ഉള്ള താരം ആണ് മാർട്ടിനെല്ലി. വെറും 18 കാരനായ മാർട്ടിനെല്ലിക്ക് അതിനാൽ തന്നെ ഏത് ടീമിൽ വേണമെങ്കിലും കളിക്കാം. നിലവിൽ തന്റെ ശ്രദ്ധ മുഴുവൻ ക്ലബ് ഫുട്ബോളിലും ആഴ്സണലിലും ആണെന്ന് പറഞ്ഞ മാർട്ടിനെല്ലി താൻ സമയം ആവുമ്പോൾ ഏത് രാജ്യത്തിനു ആയി കളിക്കണം എന്നു തീരുമാനിക്കും എന്നും കൂട്ടിച്ചേർത്തു. ഈ സീസണിൽ നിലവിൽ ആഴ്സണലിനായി 10 ഗോളുകൾ കണ്ടത്തിയ താരത്തിൽ നിന്ന് വലിയ കാര്യങ്ങൾ ആണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 20 വർഷങ്ങൾക്ക് ശേഷം നിക്കോളാസ് അനൽക്കക്ക് ശേഷം ഒരു സീസണിൽ ആഴ്സണലിനായി 10 ഗോളുകൾ കണ്ടത്തിയ കൗമാരക്കാരൻ ആയ മാർട്ടിനെല്ലി വിലക്ക് കിട്ടിയ ഒബമയാങിന്റെ അഭാവത്തിൽ ടീമിലെ ഏറ്റവും നിർണായക താരവും ആയിരുന്നു.
നിലവിൽ ആഴ്സണലിൽ നടത്തുന്ന മികച്ച പ്രകടനം തന്നെയാണ് ബ്രസീൽ, ഇറ്റലി രാജ്യങ്ങൾ താരത്തിനായി രംഗത്തു വരാൻ കാരണം. ബ്രസീൽ അണ്ടർ 23 ടീമിന് ഒപ്പം ഈ മാസം ഒളിമ്പിക് യോഗ്യത മത്സരങ്ങൾ കളിക്കാൻ മാർട്ടിനെല്ലിയെ ഉപയോഗിക്കാൻ ശ്രമിച്ചു എങ്കിലും ആഴ്സണൽ അതിനു അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ ഏത് രാജ്യത്തിനായി കളിക്കും എന്നത് തന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന് പറഞ്ഞ മാർട്ടിനെല്ലി ഭാവിയിൽ എന്തും സംഭവിക്കാം എന്ന സൂചനയും നൽകി. എന്നാൽ സമീപഭാവിയിൽ ഈ വർഷത്തെ യൂറോകപ്പ് കളിക്കാൻ ഒരുങ്ങുന്ന ഇറ്റാലിയൻ ടീമിലോ ലോകകപ്പ് യോഗ്യത മത്സരങ്ങളും ഈ വർഷത്തെ കോപ്പ അമേരിക്ക കളിക്കാൻ ഒരുങ്ങുന്ന ബ്രസീൽ ടീമിലോ മാർട്ടിനെല്ലിക്ക് ഇടം കിട്ടാൻ സാധ്യതയില്ല. അതിനാൽ തന്നെ അച്ഛന്റെ ഇറ്റലിക്കോ അമ്മയുടെ ബ്രസീലിനോ ആർക്ക് ആയി മാർട്ടിനെല്ലി ഇറങ്ങും എന്നത് കാണാൻ നമ്മൾ കാത്തിരിക്കേണ്ടി വരും.