ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 3 തുടർ പരാജയങ്ങൾക്ക് ശേഷമുള്ള മത്സരത്തിൽ ലണ്ടൻ ചുവപ്പിച്ചു ആഴ്‌സണൽ. ചെൽസിയുടെ സ്റ്റാൻഫ്രോഡ് ബ്രിഡ്ജിൽ നടന്ന ലണ്ടൻ ഡാർബിയിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം പിടിച്ചെടുത്തത്. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും നിരവധി പിഴവുകൾ വരുത്തിയ മത്സരത്തിൽ 6 ഗോളുകൾ ആണ് പിറന്നത്. മത്സരത്തിൽ പന്ത് കൂടുതൽ സമയം കൈവശം വച്ചത് ചെൽസി ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ആഴ്‌സണൽ തന്നെ ആയിരുന്നു. പലപ്പോഴും ചെൽസി ശ്രമങ്ങൾ ആഴ്‌സണലിന് വലിയ തലവേദന സൃഷ്ടിച്ചില്ല. മത്സരത്തിന്റെ 13 മത്തെ മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി ആഴ്‌സണൽ മത്സരത്തിൽ മുന്നിലെത്തി. ടവാരസ് അടിച്ച പന്ത് കൈകാര്യം ചെയ്യുന്നതിൽ ആന്ദ്രസ് ക്രിസ്റ്റിയൻസനു പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത യുവതാരം എഡി എങ്കിതിയ മനോഹരമായ ഒരു ഷോട്ടിലൂടെ പന്ത് വലയിലാക്കി. നാലു മിനിറ്റിനുള്ളിൽ ചെൽസി തിരിച്ചടിച്ചു.
എങ്കിതിയയിൽ നിന്നു ലോഫ്റ്റസ് ചീക് പിടിച്ചെടുത്തു നൽകിയ പന്ത് ഗോളിലേക്ക് ലക്ഷ്യം വച്ചു തിമോ വെർണർ ഉതിർത്തപ്പോൾ അത് ആഴ്‌സണൽ പ്രതിരോധ താരങ്ങളിൽ തട്ടി ഗോൾ ആവുക ആയിരുന്നു. ചെൽസി ആധിപത്യം കണ്ട ഈ സമയത്ത് തങ്ങളുടെ ബോക്‌സിൽ നിന്നു ശാക്ക തുടങ്ങിയ പ്രത്യാക്രമണത്തിൽ ഒഡഗാർഡിന്റെ പാസിൽ നിന്നു മനോഹരമായ കൃത്യമാർന്ന ഒരു ഷോട്ടിലൂടെ 27 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ എമിൽ സ്മിത് റോ ആഴ്‌സണലിനെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഇത്തവണ 5 മിനിറ്റുകൾക്ക് ശേഷം ചെൽസി തിരിച്ചടിച്ചു. മൗണ്ട് വൈറ്റിനെ ഫോൾ ചെയ്തു തട്ടിയെടുത്തു എന്നു ആഴ്‌സണൽ താരങ്ങൾ വാദിച്ച പന്തിൽ നിന്നു മനോഹരമായ ക്രോസ് നൽകിയ ഇംഗ്ലീഷ് താരം അസ്പിലകറ്റയെ കണ്ടത്തി. മികച്ച ഒരു ടച്ചിലൂടെ ഗോൾ കണ്ടത്തിയ സ്പാനിഷ് താരം ചെൽസിയെ മത്സരത്തിൽ തിരികെയെത്തിച്ചു. സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി തിയാഗോ സിൽവയെ കളത്തിൽ ഇറക്കി.
അസ്പിലകറ്റയുടെ പിഴവിൽ നിന്നു പന്ത് പിടിച്ചെടുത്ത ടവാരസിന്റെ പാസിൽ നിന്നു ചെൽസി പ്രതിരോധ താരങ്ങളുടെ പിഴവ് മുതലാക്കിയ എഡി എങ്കിതിയ 57 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി സന്ദർഭത്തിനു ഒത്ത് ഉയർന്നപ്പോൾ ആഴ്‌സണൽ വീണ്ടും മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് ഗോൾ തിരിച്ചടിക്കാനുള്ള ചെൽസി ശ്രമങ്ങൾ ആഴ്‌സണൽ എല്ലാം നൽകി പ്രതിരോധിക്കുന്നത് ആണ് കാണാൻ ആയത്. ഇടക്ക് ചെൽസിയുടെ സാർ രണ്ടാം മഞ്ഞ കാർഡിൽ നിന്നു കഷ്ടിച്ചു ആണ് രക്ഷപ്പെട്ടത്. ഇഞ്ച്വറി സമയത്ത് സെഡറിക്കിന്റെ ക്രോസിൽ സാകയെ വലിച്ചു താഴെയിട്ടപ്പോൾ റഫറി പെനാൽട്ടി വിളിച്ചു. 92 മത്തെ മിനിറ്റിൽ പെനാൽട്ടി ലക്ഷ്യം കണ്ട ബുകയോ സാക 4-2 ന്റെ മികച്ച ജയം ആഴ്‌സണലിന് സമ്മാനിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് ചെൽസി സ്വന്തം മൈതാനത്ത് തോൽക്കുന്നത്. സീസണിൽ പ്രീമിയർ ലീഗിൽ സാകയും സ്മിത് റോയും 10 ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തു. നിലവിൽ ഗോൾ വ്യത്യാസത്തിൽ മാത്രം ടോട്ടൻഹാമിനു പിറകിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് ആണ് ആഴ്‌സണൽ അതേസമയം ചെൽസി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.