പി എസ് ജിക്ക് വീണ്ടും വിജയം, കിരീടം ഉറച്ചു, ഇനി കണക്ക് ശരിയാവാനുള്ള കാത്തിരിപ്പ് മാത്രം

പി എസ് ജി ഫ്രഞ്ച് ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചു. ഇന്ന് അവർ ആംഗേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെ പി എസ് ജി ഫ്രഞ്ച് ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു എന്ന് തന്നെ പറയാം. എന്നാൽ രണ്ടാമതുള്ള മാഴ്സെ ഇന്ന് നാന്റസിനെ 3-2ന് തോൽപ്പിച്ചതിനാൽ കിരീടം ഔദ്യോഗികമായി ഉറപ്പാകാൻ ഈ വാരാന്ത്യം വരെ കാത്തിരിക്കേണ്ടി വരും.

പി എസ് ജി ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. 28ആം മിനുട്ടിൽ ഹകീമി നൽകിയ പാസ് സ്വീകരിച്ച് എമ്പപ്പെയുടെ വക ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ആദ്യ പകുതിയുടെ അവസാനം റാമോസിലൂടെപി എസ് ജി രണ്ടാം ഗോളും കണ്ടെത്തി.

പിന്നീട് രണ്ടാം പകുതിയിൽ മാർക്കിനസും പി എസ് ജിക്ക് ആയി ഗോൾ നേടി.

ഈ ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 77 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള മാഴ്സക്ക് 62 പോയന്റും. മാഴ്സെ ഇനി എല്ലാ മത്സരവും ജയിച്ചാൽ അവർക്കും 77 പോയിന്റിൽ എത്താം. മാഴ്സെ ഒരു പോയിന്റ് നഷ്ടപ്പെടുത്തുകയോ പി എസ് ജി ഒരു പോയിന്റ് നേടുകയും ചെയ്താൽ പി എസ് ജിക്ക് ഇനി കിരീടം ഉറപ്പിക്കാം.