യൂറോപ്പ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിൽ ജയം കണ്ടു ആഴ്‌സണൽ. നോർവീജിയൻ ടീം ആയ ബോഡോ ഗ്ലിന്റിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ നിര തോൽപ്പിച്ചത്. മികച്ച നിരയെ ആണ് ആർട്ടെറ്റ ഇന്ന് കളത്തിൽ ഇറക്കിയത്. എന്നാൽ വേഗമേറിയ കൃത്രിമ പ്രതലം ആഴ്‌സണലിന്റെ താരങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ആണ് സൃഷ്ടിച്ചത്. മഴ കൂടി ആയപ്പോൾ പന്ത് കൈവശം വക്കാൻ എല്ലാവരും ബുദ്ധിമുട്ടി.
മത്സരത്തിൽ 24 മത്തെ മിനിറ്റിൽ ബുകയോ സാക ആണ് ആഴ്‌സണലിന്റെ വിജയഗോൾ നേടിയത്. സാകയുടെ ആദ്യ ശ്രമം ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും തുടർന്ന് തിരിച്ചു വന്ന പന്ത് നെഞ്ചിൽ തട്ടി ഗോൾ ആവുക ആയിരുന്നു. രണ്ടാം പകുതിയിൽ ബോഡോ ആണ് മികച്ചു നിന്നത്. ഇടക്ക് മികച്ച രക്ഷപ്പെടുത്തൽ ടർണർ നടത്തിയപ്പോൾ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ ബോഡോ താരങ്ങൾക്ക് ആയില്ല. നന്നായി കളിക്കാൻ ആയില്ലെങ്കിൽ ജയിക്കാൻ ആയത് ആഴ്‌സണലിന്റെ മികവ് തന്നെയാണ് കാണിക്കുന്നത്.