സീസണിൽ രണ്ടാം പരാജയം നേരിട്ടു ആഴ്‌സണൽ. യൂറോപ്പ ലീഗിൽ ഇതിനകം ഗ്രൂപ്പ് എയിൽ അടുത്ത റൗണ്ട് ഉറപ്പിച്ച ആഴ്‌സണലിനെ ഹോളണ്ടിൽ പി.എസ്.വി എന്തോവൻ ആണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ശക്തമായ ടീമിനെ കളത്തിൽ ഇറക്കിയ ആഴ്‌സണലിന് പക്ഷെ പി.എസ്.വിയുടെ മികച്ച ഫുട്‌ബോളിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ആഴ്‌സണൽ മുന്നിട്ട് നിന്നെങ്കിലും കൂടുതൽ അപകടകരമായ നീക്കങ്ങൾ നടത്തിയത് പി.എസ്.വി ആയിരുന്നു. 19 മത്തെ മിനിറ്റിൽ കോഡി ഗാക്പോ ആഴ്‌സണൽ വലയിൽ പന്ത് എത്തിച്ചു എങ്കിലും ഇത് ഓഫ് സൈഡ് ആയി വിധി എഴുതി.
തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് മികച്ച ഒരു നീക്കത്തിലൂടെ ചാവി സിമൻസ് പി.എസ്.വിക്ക് ആയി വീണ്ടും വല കുലുക്കി. എന്നാൽ വാർ ഇത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തുക ആയിരുന്നു. രണ്ടാം പകുതിയിൽ ലൂക് ഡിയോങിന്റെ വരവ് ഡച്ച് ടീമിന് വലിയ ഊർജ്ജം ആണ് പകർന്നത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ റാംസ്ഡേലിനെ ഡച്ച് ടീം പരീക്ഷിച്ചു. 55 മത്തെ മിനിറ്റിൽ ഡിയോങിന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ജോയി വെർമൻ പി.എസ്.വിക്ക് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് 63 മത്തെ മിനിറ്റിൽ കോഡി ഗാക്പോയുടെ കോർണറിൽ ഗോൾ കീപ്പർ റാംസ്ഡേലിന്റെ മണ്ടത്തരം പി.എസ്.വിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു.
ഗാക്പോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഡിയോങ് പി.എസ്.വി ജയം ഉറപ്പിക്കുക ആയിരുന്നു. നിരന്തരം ആഴ്‌സണലിന് ചാവി സിമൻസ്, ഗാക്പോ, ഡിയോങ് എന്നിവർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. യ്6 മത്തെ മിനിറ്റിൽ ഗാക്പോ ഒരിക്കൽ കൂടി ആഴ്‌സണൽ വല കുലുക്കിയെങ്കിലും ഇതും ഓഫ് സൈഡ് ആയി വിളിക്കുക ആയിരുന്നു. പിന്നീടും നിരന്തരം ആക്രമണം അഴിച്ചു വിട്ട പി.എസ്.വി തുടർന്നും ഗോൾ നേടാത്തത് ആഴ്‌സണലിന് ഭാഗ്യമായി. അവസാന നിമിഷങ്ങളിൽ ജീസുസ് അടക്കമുള്ളവരെ ഇറക്കിയെങ്കിലും വലുതായി പി.എസ്.വി പ്രതിരോധം പരീക്ഷിക്കാൻ പോലും ആഴ്‌സണലിന് ആയില്ല. മാർട്ടിനെല്ലി, എഡി എങ്കിതിയ തുടങ്ങിയവർ തീർത്തും നിറം മങ്ങി മത്സരത്തിൽ. തോറ്റെങ്കിലും ഗ്രൂപ്പിൽ ആഴ്‌സണൽ തന്നെയാണ് ഒന്നാമത്. ഈ തിരിച്ചടിയിൽ നിന്നു തിരിച്ചു വരാൻ ആവും ആഴ്‌സണൽ പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ഇറങ്ങുക. വിശ്രമമില്ലാതെ കളിക്കുന്ന താരങ്ങളുടെ ക്ഷീണം തന്നെയാണ് ആർട്ടെറ്റക്ക് വിനയായത്.