ബേൺലിയെ തകർത്തു; രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ആഴ്‌സനൽ

Nihal Basheer

20231111 222722
Download the Fanport app now!
Appstore Badge
Google Play Badge 1

ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് തകർപ്പൻ വിജയവുമായി ആഴ്‌സനൽ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ട്രോസാർഡ്, സാലിബ, സിഞ്ചെങ്കോ എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കിയപ്പോൾ ബ്രൗൺഹിലാണ് ബേൺലിയുടെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ആഴ്‌സനൽ. ഇന്ന് ടോട്ടനം തോൽവി അറിഞ്ഞത് മുതലെടുക്കാനും അവർക്കായി. ഇതോടെ ഒന്നും രണ്ടും സ്ഥാനത്തുള്ള സിറ്റിക്കും ആഴ്‌സനലിനും 27 പോയിൻറ് വീതമാണ് ഉള്ളത്. സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്.
Screenshot 20231111 222129 Brave
ആഴ്‌സനലിനായിരുന്നു ആദ്യ പകുതിയിൽ മുൻ തൂക്കം. എന്നാൽ ഗോൾ കണ്ടെത്താൻ അവർക്ക് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ബേൺലിക്കും ഗോളിന് അടുത്തെതാൻ സാധിച്ചെങ്കിലും വല കുലുക്കാൻ സാധിച്ചില്ല. തുടക്കത്തിൽ ഗബ്രിയേലിന്റെ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയപ്പോൾ ബോക്സിനരികിലേക്ക് കുതിച്ചെത്തി ആംദോനിയുടെ ഷോട്ട് റയയേയും പരീക്ഷിച്ചു. സാകയുടെ മികച്ചൊരു ഷോട്ട് തടുത്തു കൊണ്ട് ട്രാഫോർഡ് ബേൺലിയുടെ രക്ഷക്കെത്തി. സലിബയുടെ പിഴവിൽ നിന്നും ഗുഡ്മുന്റ്സൻ ഗോളിന് അടുത്തെത്തിയെങ്കിലും റയയുടെ സമയോചിതമായ ഇടപെടൽ ആഴ്‌സനലിനെ കാത്തു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ ട്രോസാർഡ് ഗോൾ കണ്ടെത്തി. സാക നൽകിയ ക്രോസിൽ നിന്നും ഹെഡർ ഉതിർത്താണ് താരം ലക്ഷ്യം കണ്ടത്. എന്നാൽ ശ്രമത്തിനിടയിൽ താരം പോസ്റ്റിൽ ഇടിച്ച് വീണത് ആഴ്‌സനലിന് ചെറിയ ആശങ്ക ഉയർത്തി.

എന്നാൽ രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ കൊളോഷോയിലൂടെ ബേൺലി നടത്തിയ നീക്കങ്ങൾ ആഴ്‌സനൽ ഗോൾ മുഖത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. 46ആം മിനിറ്റിൽ താരം ബോക്സിനുള്ളിൽ ഷോട്ട് ഉതിർക്കാനുള്ള താരത്തിന്റെ ശ്രമം മികച്ചൊരു ടാക്ലിങ്ങുമായി ഗബ്രിയേൽ തടുത്തു. എന്നാൽ 54ആം മിനിറ്റിൽ താരത്തിന്റെ മുന്നേറ്റം തന്നെ ഗോളിന് വഴിവെച്ചു. ടോമിയാസുവിനെ മറികടന്ന് ബോക്സിനുളിൽ കയറിയ താരം റോഡ്രിഗസിന് നൽകിയ പാസിൽ താരത്തിന്റെ ഷോട്ട് എതിർ താരങ്ങൾ തടുത്തെങ്കിലും അവസരം കാത്തിരുന്ന ബ്രൗൺഹിൽ തൊടുത്ത ഷോട്ട് ഒരു ഡിഫ്‌ലെക്ഷനൊടെ വലയിൽ പതിച്ചു. എന്നാൽ ബേൺലിയുടെ ആവേശം അടങ്ങും മുൻപ് 57ആം മിനിറ്റിൽ തന്നെ ആഴ്‌സനൽ സമനില ഗോളും കണ്ടെത്തി. ട്രോസാർഡിന്റെ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് സലിബയാണ് വല കുലുക്കിയത്. പിന്നീടും മുൻതൂക്കം തുടർന്ന ആഴ്‌സനൽ 74ആം മിനിറ്റിൽ സിഞ്ചെങ്കോയുടെ എണ്ണം പറഞ്ഞ ഫിനിഷ് കണ്ട ഒരു ഗോളിലൂടെ മത്സരം പൂർണമായും വരുതിയിൽ ആക്കി. കോർണറിലൂടെ എത്തിയ ബോൾ പൊസിറ്റിലിടിച്ചു ബോക്സിനുള്ളിൽ തന്നെ വീണപ്പോൾ ഉയർന്ന് ചാടി താരം തൊടുത്ത വോളി ട്രാഫോർഡിന് യാതൊരു അവസരവും നൽകാതെ വലയിൽ എത്തി. 83ആം മിനിറ്റിൽ ബ്രൗൺഹില്ലിനെ ഫൗൾ ചെയ്തതിന് ഫാബിയോ വിയേര ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ ആഴ്‌സനൽ പത്ത് പേരിലേക്ക് ചുരുങ്ങി. എങ്കിലും മുഴുവൻ സമയം വരെ കൃത്യമായി പ്രതിരോധിച്ചു നിൽക്കാൻ അവർക്ക് സാധിച്ചതോടെ മത്സരം ഇതേ സ്കോറിന് ആർട്ടെറ്റയും സംഘവും സ്വന്തമാക്കി.