ലാ ലീഗയിൽ ഗ്രനാഡയെ തകർത്തു വിയ്യറയൽ ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കി

സ്പാനിഷ് ലാ ലീഗയിൽ പതിനേഴാം സ്ഥാനത്തുള്ള ഗ്രനാഡയെ 4-1 നു തകർത്തു വിയ്യറയൽ. ജയത്തോടെ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമായി നിർത്താൻ ഉനയ് എമറെയുടെ ടീമിന് ആയി. 9 മഞ്ഞ കാർഡുകൾ കണ്ട മത്സരത്തിൽ 3 പെനാൽട്ടികളും കാണാൻ ആയി. പരുക്കൻ പോരാട്ടം ആണ് മത്സരത്തിൽ കാണാൻ ആയത്. അർണോട്ട് ദാൻജുമയുടെ ഹാട്രിക് ആണ് വിയ്യറയലിന് വിജയം നൽകിയത്.

ആദ്യ പകുതിയിൽ അർണോട്ട് ദാൻജുമയുടെ ഇരട്ട ഗോളിൽ വിയ്യറയൽ മത്സരത്തിൽ മുന്നിലെത്തി. അതിൽ ആദ്യ ഗോൾ പെനാൽട്ടിയിലൂടെയാണ് താരം നേടിയത്. രണ്ടാം പകുതിയിൽ ലൂയിസ് മില്ലയുടെ പെനാൽട്ടിയിൽ ഗ്രനാഡ മത്സരത്തിൽ ഒരു ഗോൾ തിരിച്ചടിച്ചു. 81 മത്തെ മിനിറ്റിൽ മറ്റൊരു പെനാൽട്ടിയിലൂടെ അർണോട്ട് ദാൻജുമ തന്റെ ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ മോയസ് ഗോമസ് വിയ്യറയൽ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ലീഗിൽ അഞ്ചാമത് ആണ് വിയ്യറയൽ.