ആഴ്സണൽ ലീഗിൽ ഇത്തവണ കിരീടത്തിനായി തന്നെ പോരാടാൻ ഒരുക്കമാണെന്ന് അടിവരയിട്ട് കൊണ്ട് ഒരു വലിയ വിജയവുമായി ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ഇന്ന് എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ നേരിട്ട ആഴ്സണൽ പൂർണ്ണ ആധിപത്യത്തോടെ 3-0ന്റെ വിജയം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഇതേ സ്റ്റേഡിയത്തിൽ ബ്രെന്റ്ഫോർഡിനോട് ഏറ്റ പരാജയത്തിന്റെ കണക്കുകൾ എല്ലാം ആഴ്സണൽ ഇന്ന് പറഞ്ഞു തീർത്തു.
മത്സരം ആരംഭിച്ച് 17ആം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. സാക എടുത്ത കോർണർ ഫ്രണ്ട് നിയർ പോസ്റ്റിലേക്ക് ഓടി സാലിബ ഫ്ലിക്ക് ചെയ്ത് പോസ്റ്റിലേക്ക് ഇട്ടു. പന്ത് ക്ലിയർ ചെയ്യാൻ ബ്രെന്റ്ഫോർഡ് ഗോൾ കീപ്പർ ശ്രമിച്ചു എങ്കിലും ഗോൾ ലൈൻ ടെക്നോളജി അത് ഗോളെന്ന് വിധിച്ചു. സലിബയുടെ സീസണിലെ രണ്ടാമത്തെ ഗോളായി ഇത്.
ഈ ഗോൾ പിറന്ന് 11 മിനുട്ടുകൾക്ക് അപ്പുറം ഗബ്രിയേൽ ജീസുസിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. സാക്ക തന്റെ ഇടം കാലു കൊണ്ട് അളന്നുമുറിച്ചു നൽകിയ പന്ത് ജീസുസ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. ഗോളിന് ശേഷം നൃത്തം ചെയ്ത് കൊണ്ട് വിനീഷ്യസിനുള്ള പിന്തുണയും ജീസുസ് അറിയിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫാബിയോ വിയേരയുടെ ഒരു ഇടം കാലൻ സ്ക്രീമർ ആണ് ആഴ്സണലിന് മൂന്നാം ഗോൾ നൽകിയത്. സാകയിൽ നിന്ന് പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിനും പുറത്ത് നിന്നായിരുന്നു വിയേരയുടെ സ്ട്രൈക്ക്. ഈ ഗോൾ ആഴ്സണലിന്റെ വിജയം ഉറപ്പിച്ചു. ഇതിനു ശേഷവും ആഴ്സണൽ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല. പതിനഞ്ചു വയസ്സുകാരനായ ഏഥൻ എൻവാനെരി ഇന്ന് ആഴ്സണലിനായി സബ്ബ് ആയി എത്തിക്കൊണ്ട് പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.
ഈ ജയത്തോടെ ആഴ്സണൽ ഏഴ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി, സ്പർസ് എന്നിവരെക്കാൾ ഒരു പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. ബ്രെബ്റ്റ്ഫോർഡ് 9 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു.