ആഴ്സണൽ ലിവർപൂളിനെ തടയാൻ മാത്രം മെച്ചപ്പെട്ടില്ല, എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ക്ലോപ്പിന്റെ ചിരി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടവും ടോപ് 4 പോരാട്ടവും ആവേശകരമാക്കി കൊണ്ട് ലിവർപൂൾ വിജയം. ഇന്ന് ലണ്ടണിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് ആഴ്സണലിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. അടുത്ത കാലത്തായി ഏറെ മെച്ചപ്പെട്ട ആഴ്സണലിന് പക്ഷെ ലിവർപൂളിന് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.

ഇന്ന് രണ്ടാം മിനുട്ടിൽ വാൻ ഡൈകിന്റെ ഒരു കിടിലൻ ഹെഡറുമായാണ് ലിവർപൂൾ കളി ആരംഭിച്ചത്. അത് മുതൽ ലിവർപൂൾ തന്നെ ആയിരുന്നു ഫ്രണ്ട് ഫൂട്ടിൽ കളിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് രണ്ട് ഗോളുകളും വന്നത്. 55ആം മിനുട്ടിൽ തിയാഗോയുടെ പാസ് സ്വീകരിച്ച് മുന്നേറിയ ജോട നിയർ പോസ്റ്റിൽ ആണ് റാംസ്ഡെലിനെ കീഴ്പ്പെടുത്തിയത്. പിന്നാലെ സബ്ബായി എത്തിയ ഫർമീനോ റൊബേർട്സന്റെ പാസിൽ നിന്ന് രണ്ടാം ഗോളും നേടി. ഈ ഗോളുകൾക്ക് മറുപടി പറയാൻ ആഴ്സണലിനായില്ല.

ഈ വിജയത്തോടെ ലിവർപൂൾ 29 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി ഒന്നാമതുള്ള സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. ആഴ്സണൽ 51 പോയിന്റുമായി നാലാമതാണ്.