ഫുട്ബോളിൽ നിന്നും വിരമിച്ച് ഡച്ച് ഇതിഹാസതാരം ആർജൻ റോബൻ. 2019ൽ ആദ്യം വിരമിക്കൽ പ്രഖ്യാപിച്ച റോബൻ 2020ൽ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് തന്റെ ആദ്യ ക്ലബായ എഫ് സി ഗ്രോണിങനിൽ തിരിച്ചെത്തിയിരുന്നു. ഒരു വർഷത്തോളം തന്റെ ബോയ്ഹുഡ് ക്ലബ്ബിൽ കളിച്ച റോബൻ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രോനിങ്ങനിലൂടെ സീനിയർ കരിയർ ആരംഭിച്ച റോബൻ 2002 മുതൽ 2004 വരെ പി എസ് വി യിലാണ് കളിച്ചത്.
2004 ൽ ചെൽസിയിൽ ചേർന്ന താരം പക്ഷെ 2007 ൽ റയൽ മാഡ്രിഡിൽ ചേർന്നു. 2009 മുതൽ 2019 വരെ ബയേണിൽ കളിച്ച താരം ജർമ്മൻ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി വളർന്നു. ബയേണിൽ ഫ്രാങ്ക് റിബറിക്കൊപ്പം “റോബറി” കൂട്ട്കെട്ട് ബയേണിന്റെ യൂറോപ്യൻ ഡോമിനൻസിലെ ചാലകശക്തിയായിരുന്നു. റോബന്റെ ഗോളിലാണ് ബയേൺ ചാമ്പ്യൻസ് ലീഗ് ഉയർത്തിയതും റോബന് മിസ്റ്റർ വെംബ്ലി എന്ന വിളിപ്പേരുണ്ടായതും.
2003 മുതൽ 2017 വരെ ഹോളണ്ട് ദേശീയ ടീമിന്റെയും അഭിവാജ്യ ഘടകമായിരുന്നു 37 വയസുകാരനായ റോബൻ. പ്രീമിയർ ലീഗ്, ബുണ്ടസ് ലീഗ, ല ലീഗ, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, സൂപ്പർ കപ്പ് അടക്കം പ്രധാന കിരീടങ്ങളെല്ലാം നേടിയ താരം 2010 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിക്കുന്നതിലും സഹായിച്ചു.