അർജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാർ!! മെസ്സിയുടെ കാത്തിരിപ്പിന് അവസാനം, ബ്രസീലിന് കണ്ണീർ മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റൊസാരിയോയിലെ മുത്തശ്ശിമാർ ഇനി കരയേണ്ടതില്ല. മരക്കാനയിൽ നിന്ന് മെസ്സിയും സംഘവും മടങ്ങുന്നത് കോപ അമേരിക്ക കിരീടവുമായാണ്. 1993 മുതൽ ഉള്ള നീണ്ട കാലത്തെ കാത്തിരിപ്പിനാണ് ഇന്ന് സ്കലോണിയുടെ അർജന്റീന അവസാനം കുറിച്ചത്. ടൂർണമെന്റ് ഫേവറിറ്റുകളായ ബ്രസീലിനെ അവരുടെ നാട്ടിൽ വെച്ച് ഫൈനലിൽ കീഴ്പ്പെടുത്താൻ അർജന്റീനക്ക് ഇന്നായി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു അർജന്റീനയുടെ വിജയം.

ഇന്ന് മരക്കാനയിൽ കളി പതിയെ ആണ് തുടങ്ങിയത്. ബ്രസീൽ പന്ത് കൈവശം വെച്ചു എങ്കിലും തുടർച്ചയായ ഫൗളുകളും വിസിലുകളും കളി മികച്ച താളത്തിലേക്ക് വരുന്നത് വൈകിപ്പിച്ചു. 22ആം മിനുട്ടിൽ കളിയിലെ ആദ്യ മികച്ച അവസരത്തിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ച് അർജന്റീന ലീഡ് എടുത്തു. സ്കലോനിയുടെ സർപ്രൈസ് സെലക്ഷനായിരുന്ന സീനിയർ താരം ഡി മറിയ ആണ് അർജന്റീനക്ക് ലീഡ് നൽകിയത്. റോഡ്രിഗോ ഡി പോൾ നൽകിയ ഒരു ഡയഗണൽ ബോൾ ബ്രസീലിന്റെ ഓഫ് സൈഡ് ട്രാപ്പ് മറികടന്ന് ഡി മറിയയെ കണ്ടെത്തി. തന്റെ ഗോൾ ലൈൻ വിട്ട് അഡ്വാൻസ് ചെയ്ത് വന്ന ബ്രസീൽ ഗോൾകീപ്പർ എഡേഴ്സണ് മുകളിലൂടെ ചിപ്പ് ചെയ്ത് ഡി മറിയ പന്ത് വലയിൽ എത്തിച്ചു. 2018 ലോകകപ്പിനു ശേഷം ഡി മറിയ അർജന്റീനയ്ക്കായി നേടിയ ആദ്യ ഗോളായിരുന്നു ഇത്.

ഈ ഗോളിനു ശേഷം കളിയിലേക്ക് തിരികെ വരാൻ ബ്രസീൽ ശ്രമിച്ചു എങ്കിലും ആദ്യ പകുതിയിൽ ഒരു നല്ല അവസരം പോലും സൃഷ്ടിക്കാൻ കാനറികൾക്ക് ആയില്ല. നെയ്മറിനെയും ലുകാസ് പക്വേറ്റയും ഒക്കെ വരിഞ്ഞ് കെട്ടാൻ അർജന്റീന ഡിഫൻസിന് ആദ്യ പകുതിയിൽ ആയി. ഇടക്ക് മറുവശത്ത് ബ്രസീൽ ഡിഫൻസിനെ പരീക്ഷിക്കാൻ അർജന്റീനയ്ക്ക് ആവുകയും ചെയ്തു. എങ്കിലും ആ ഗോൾ മാത്രമായിരുന്നു അർജന്റീനയുടെ ടാർഗറ്റിലേക്ക് ഉള്ള ഏക ഷോട്ട്.

രണ്ടാം പകുതിയിൽ സിറ്റിംഗ് മിഡ്ഫീൽഡറായ ഫ്രെഡിനെ മാറ്റി ഫർമീനോയെ ബ്രസീൽ അറ്റാക്കിന്റെ മൂർച്ച കൂട്ടി. ഈ നീക്കം ഗ്രൗണ്ടിൽ പ്രതിഫലിക്കുന്നതും കാണാൻ ആയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റിച്ചാർലിസൺ ബ്രസീലിനായി വലകുലുക്കി. പക്ഷെ ലൈൻ റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ ഒരു മികച്ച അവസരം കൂടെ റിച്ചാർലിസണിൽ എത്തി. ഇത്തവണ റിച്ചാർലിസന്റെ പവർഫുൾ ഷോട്ട് എമിലെ മാർട്ടിനെസ് സമർത്ഥമായി തടഞ്ഞു.

ബ്രസീൽ വിനീഷ്യസിനെയും അർജന്റീന ടഗ്ലിഫികോയെയും ഇറക്കി ടീമിന് വേഗതയുള്ള കാലുകൾ നൽകി. വളരെ ടൈറ്റായ അർജന്റീനൻ ഡിഫൻസിനിടയിലൂടെ ബ്രസീലിന്റെ സൗന്ദര്യമേറിയ ഫുട്ബോളിന് ഇന്ന് ചലിക്കാൻ ആയില്ല. വീണ്ടും ഒരുപാട് മാറ്റങ്ങൾ ബ്രസീൽ നടത്തി. ഗബിഗോളിന് അവസാന നിമിഷങ്ങളിൽ നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും സ്ട്രൈക്കർക്ക് അവ മുതലെടുക്കാൻ ആയില്ല. 88ആം മിനുട്ടിലെ ഗബിയുടെ ഷോട്ട് ലോകോത്തര സേവിലൂടെ മാർട്ടിനെസ് തട്ടിയകറ്റി.

89ആം മിനുട്ടിൽ റൊഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്ന് മെസ്സിക്ക് രണ്ടാം ഗോൾ നേടി വിജയം ഉറപ്പിക്കാനുള്ള അവസരം ലഭിച്ചതാണ്. പക്ഷെ അദ്ദേഹത്തിന് ഒരു ഷോട്ട് എടുക്കാൻ പോലും ആയില്ല എന്നത് ഏവരെയും ഞെട്ടിച്ചു. എങ്കിലും ആ മിസ്സ് പ്രശ്നമായില്ല. അവസാനം വരെ ഡിഫൻഡ് ചെയ്ത് അർജന്റീന കപ്പ് തങ്ങളൂടേതാക്കി മാറ്റി.

ഈ വിജയം അർജന്റീനയ്ക്ക് അവരുടെ ചരിത്രത്തിലെ പതിനഞ്ചാം കോപ അമേരിക്ക കിരീടം ആണ് സമ്മാനിക്കുന്നത്. സൂപ്പർ താരം മെസ്സിക്ക് അർജന്റീനയ്ക്ക് ഒപ്പമുള്ള ആദ്യ കിരീടമാണ് ഇത്. നാലു ഫൈനലുകൾ അർജന്റീനയ്ക്ക് ഒപ്പം മുമ്പ് പരാജയപ്പെട്ടിട്ടുള്ള മെസ്സിക്ക് ഈ കിരീടം തന്റെ സ്വപ്ന സാക്ഷാത്കാരമായിരിക്കും.