ലോകകപ്പ് എടുക്കാൻ വന്നവരാണ്!! മെസ്സിയും അർജന്റീനയും ക്വാർട്ടറിൽ!!

Newsroom

Picsart 22 12 04 02 13 13 968
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നായ അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് പ്രീക്വാർട്ടറിൽ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സിയും സംഘവും ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാർട്ടറിൽ നെതർലന്റ്സ് ആകും അർജന്റീനയുടെ എതിരാളികൾ.

Picsart 22 12 04 01 14 55 520

പതിയെ കളി തുടങ്ങിയ അർജന്റീന ആദ്യ പകുതിയിൽ കാര്യമായി അവസരങ്ങൾ സൃഷ്ടിച്ചിരുന്നില്ല. പാസ് ചെയ്ത് പന്ത് കൈവശം വെച്ച് സമ്മർദ്ദം ഇല്ലാതെ കളിച്ച അർജന്റീനക്ക് ആദ്യ നല്ല അവസരം വരുന്നത് 35ആം മിനുട്ടിൽ ആണ്. മകാലിസ്റ്റർ തുടങ്ങിയ അറ്റാക്ക് ഒറ്റമെൻഡിയിൽ എത്തി. അദ്ദേഹം പെനാൾട്ടി ബോക്സിലേക്ക് നീങ്ങിയ മെസ്സിക്കും നൽകി. മെസ്സി ഓസ്ട്രേലിയൻ ഡിഫൻഡേഴ്സിന്റെ കാലിനടിയിലൂടെ തൊടുത്ത ഷോട്ട് വലയിൽ. അർജന്റീന 1-0.

മെസ്സി 22 12 04 01 15 16 977

മെസ്സിയുടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ ഗോളായി ഈ ഗോൾ മാറി.ആദ്യ പകുതിയിലെ അർജന്റീനയുടെ ഏക ഷോട്ട് ഓൺ ടാർഗറ്റ് ഇത് ആയിരുന്നു. ഓസ്ട്രേലിയക്ക് ഒരു ഗോൾ ശ്രമം വരെ ടാർഗറ്റിലേക്ക് ഉണ്ടായിരുന്നില്ല.

രണ്ടാം പകുതിയിലും ഓസ്ട്രേലിയ അറ്റാക്കുകൾ നടത്താൻ പ്രയാസപ്പെട്ടു. അർജന്റീനയുടെ രണ്ടാം ഗോൾ ഒരു ഓസ്ട്രേലിയൻ സമ്മാനം ആയിരുന്നു. ഓസ്ട്രേലിയ ഗോൾ കീപ്പർ റയാന്റെ പിഴവിൽ നിന്ന് വന്ന ഗോൾ. തക്കം പാർത്തു നിന്ന് അവസരം മുതലെടുത്ത് ഗോൾ നേടിയത് യുവതാരം ഹൂലിയൻ ആൽവാരസ് ആയിരുന്നു. സ്കോർ 2-0.

Picsart 22 12 04 02 04 11 920

ഇതിനു ശേഷം ഒരു അത്ഭുതം വേണ്ടിയിരുന്നു ഓസ്ട്രേലിയക്ക് കളിയിലേക്ക് തിരികെ വരാൻ. 77ആം മിനുട്ടിൽ അവരെ ഭാഗ്യം തുണച്ചു. ഗുഡ്വിന്റെ ഒരു ലോംഗ് റേഞ്ചർ വലിയ ഡിഫ്ലക്ഷനോടെ എമിലിയാനോ മാർട്ടിനസിനെ കീഴ്പ്പെടുത്തി വലയിൽ എത്തി. സ്കോർ 2-1.

ഈ ഗോൾ നൽകിയ പ്രതീക്ഷയുമായി ഓസ്ട്രേലിയ പൊരുതാൻ തുടങ്ങി. അവർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെ അർജന്റീന സമ്മർദ്ദത്തിൽ ആകാൻ തുടങ്ങി.

പിന്നെ ഫൈനൽ വിസിലിനായുള്ള കാത്തിരിപ്പ് ആയിരുന്നു‌. മൂന്നാം ഗോൾ നേടാൻ 89ആം മിനുട്ടിൽ മെസ്സി ഒരു സുവർണ്ണാവസരം ലൗട്ടാരോ മാർട്ടിനസിന് ഒരുക്കി കൊടുത്തു എങ്കിലും ഇന്റർ മിലാൻ സ്ട്രൈക്കറിന് ലക്ഷ്യം കാണാൻ ആയില്ല. 93ആം മിനുട്ടിലും ലൗട്ടാരോ മെസ്സിയുടെ പാസ് പാഴാക്കി കളഞ്ഞു.

97ആം മിനുട്ടിലെ എമിലിയാനോ മാർട്ടിനസിന്റെ ഒരു സേവോടെ വിജയം ഉറപ്പിക്കാൻ അർജന്റീനക്ക് ആയി.

ഇന്ന് അമേരിക്കയെ തോൽപ്പിച്ച നെതർലന്റ്സിനെ ആകും അർജന്റീന ക്വാർട്ടറിൽ നേരിടുക. ഡിസംബർ 9ന് ആകും മത്സരം.