ഇന്ത്യൻ യുവ സെന്റർ ബാക്ക് അൻവർ അലിയെ എഫ് സി ഗോവ സ്വന്തമാക്കി. സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ഡെൽഹി എഫ് സിക്ക് വേണ്ടി നടത്തിയ ഗംഭീര പ്രകടനമാണ് ഗോവ അൻവർ അലിയെ സ്വന്തമാക്കാൻ കാരണം. 18 മാസത്തെ ലോൺ അടിസ്ഥാനത്തിൽ ആകും അൻവർ അലി എഫ് സി ഗോവയിലേക്ക് പോകുന്നത്. 18 മാസത്തിനു ശേഷം താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ എഫ് ഐ ഗോവക്ക് മുൻതൂക്കവും ഉണ്ടാകും.
ഇപ്പോൾ ട്രാൻസ്ഫർ വിൻഡോ അടച്ചിരിക്കുന്നതിനാൽ ജനുവരിയിൽ മാത്രമെ അൻവർ അലിക്ക് ഗോവയ്ക്ക് ഒപ്പം കളിക്കാൻ ആവുകയുള്ളൂ. സെന്റർ ബാക്കാണെങ്കിലും സെക്കൻഡ് ഡിവിഷനിൽ ഗോൾഡൻ ബൂട്ട് നേടാൻ അൻവർ അലിക്ക് ആയിരുന്നു.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം രണ്ട് സീസൺ മുമൊ അൻവർ അലി താൽക്കാലികമായി ഫുട്ബോൾ വിട്ടിരുന്നു. അവിടെ നിന്ന് സ്വയം പൊരുതി ആണ് അൻവർ ഐ എസ് എല്ലിലേക്ക് വരെ എത്തിയിരിക്കുന്നത്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണായിരുന്ന താരമാണ് അൻവർ. ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രശംസ സ്വന്തമാക്കിയ താരങ്ങളിൽ ഒരാളുമായിരുന്നു അൻവർ.
മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അൻവർ. രണ്ട് ഐലീഗ് സീസണിൽ ഇന്ത്യൻ ആരോസിനായി അൻവർ അലി ബൂട്ടു കെട്ടിയിരുന്നു.