‘അഭയാർത്ഥി ക്യാമ്പിൽ പിറന്ന കുട്ടി ഇതാ ലോകകപ്പ് കളിക്കാൻ പോകുന്നു,സ്വപ്നം കാണുക,നേട്ടങ്ങൾ സ്വന്തമാക്കുക’ – അൽഫോൺസോ ഡേവിസ്

20221114 053701 01

കാനഡയുടെ ലോകകപ്പ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഏവർക്കും പ്രചോദനം നൽകുന്ന ട്വീറ്റുമായി ബയേൺ മ്യൂണികിന്റെ അൽഫോൺസോ ഡേവിസ്. അഭയാർത്ഥി ക്യാമ്പിൽ പിറന്ന കുട്ടി ജീവിതത്തിൽ ഒന്നും നേടും എന്നു ആരും കരുതുന്നത് അല്ല, എന്നാൽ ഇപ്പോൾ ഇതാ ആ കുട്ടി ലോകകപ്പ് കളിക്കാൻ പോകുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യബോധം ഇല്ലാത്തവ ആണെന്നു ആരു പറഞ്ഞാലും കേൾക്കരുത്, സ്വപ്നം കാണുക,നേട്ടങ്ങൾ കൈവരിക്കുക എന്നാണ് കനേഡിയൻ താരം ട്വിറ്ററിൽ കുറിച്ചത്. ബയേണിനു ആയി ലെഫ്റ്റ് ബാക്ക് ആയും വിങർ ആയും കളിക്കുന്ന ഡേവിസിനെ വിങിൽ മുന്നേറ്റത്തിൽ ആവും കാനഡ ഉപയോഗിക്കുക.

ഡേവിസിനു പിറകെ ജോനാഥൻ ഡേവിഡ് അടക്കമുള്ള മികച്ച യുവനിരയും ആയാണ് 36 വർഷങ്ങൾക്ക് ശേഷം ചരിത്രത്തിൽ വെറും രണ്ടാം തവണ ലോകകപ്പ് കളിക്കാൻ എത്തുന്ന കാനഡ എത്തുക. ഗ്രൂപ്പ് എഫിൽ ബെൽജിയം, ക്രൊയേഷ്യ, മൊറോക്ക ടീമുകൾക്ക് ഒപ്പം ആണ് ലോകകപ്പിൽ കാനഡ. അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും സ്വപ്നങ്ങൾ പേറുന്ന ടീം തന്നെയാണ് കനേഡിയൻ ദേശീയ ടീം. ടീമിൽ ഭൂരിഭാഗം അംഗങ്ങൾക്കും ഡേവിസിന് പറയാനുള്ള പോലെയുള്ള കഥകൾ ഉള്ളവർ കൂടിയാണ്. ഘാനയിൽ 2000 നവംബർ 2 നു ലൈബീരിയൻ മാതാപിതാക്കൾക്കുള്ള 6 മക്കളിൽ നാലാമൻ ആയി അഭയാർത്ഥി ക്യാമ്പിൽ ആണ് ഡേവിസ് ജനിക്കുന്നത്. ലൈബീരിയൻ ആഭ്യന്തര യുദ്ധം കാരണം നാട് വിട്ടു ഓടേണ്ടി വന്ന ലക്ഷക്കണക്കിന് ആളുകളിൽ പെട്ടവർ ആയിരുന്നു ഡേവിസിന്റെ മാതാപിതാക്കളും. 2005 ൽ കാനഡയിലേക്ക് കുടിയേറുക ആയിരുന്നു ഈ കുടുംബം.

അൽഫോൺസോ

ചെറുപ്പത്തിൽ തന്നെ തന്റെ വേദനക്ക് കൂട്ടായി ഫുട്‌ബോളിനെ കണ്ട ഡേവിസിന് 2017 ൽ ആണ് കനേഡിയൻ പൗരത്വം ലഭിക്കുന്നത്. കനേഡിയൻ ക്ലബിൽ നിന്നു 2016 ൽ എം.എൽ.എസിൽ എത്തിയ ഡേവിസ് മേജർ ലീഗ് സോക്കറിൽ കളിക്കുന്ന 2000 ത്തിൽ ജനിക്കുന്ന ആദ്യ താരമായി ചരിത്രവും എഴുതി. തുടർന്ന് ഡേവിസിന്റെ മികവ് കണ്ടറിഞ്ഞ ജർമ്മൻ ചാമ്പ്യൻമാർ തങ്ങളുടെ ക്ലബിൽ താരത്തെ എത്തിച്ചു. ആദ്യം റിസർവ് ടീമിലും പിന്നീട് സീനിയർ ടീമിലും ഇടം പിടിച്ച ഡേവിസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇതിനകം തന്നെ തന്റെ അവിശ്വസനീയ വേഗത കൊണ്ടു ബയേണിന്റെ കുന്തമുനയായ ഡേവിസ് 95 മത്സരങ്ങൾ അവർക്ക് ആയി ബൂട്ട് കെട്ടി. ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, 4 ബുണ്ടസ് ലീഗ കിരീടങ്ങൾ അങ്ങനെ ബയേണിൽ ഡേവിസ് സ്വന്തമാക്കാൻ കിരീടങ്ങൾ ഇല്ല എന്നു തന്നെ പറയാം. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെയും ചെൽസിയെയും ഒക്കെ ബയേൺ തകർത്തെറിഞ്ഞ മത്സരങ്ങളിൽ ബയേണിന്റെ ഹീറോയും ഡേവിസ് തന്നെയായിരുന്നു.

അൽഫോൺസോ

കാനഡക്ക് ആയി യൂത്ത് തലത്തിൽ കളിച്ച ഡേവിസ് 2017 ൽ ആണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ക്ലബ് തലത്തിൽ നിന്നു വ്യത്യസ്തമായി രാജ്യത്തിനു ആയി കൂടുതൽ മുന്നേറ്റത്തിൽ ആണ് ഡേവിസ് കളിക്കുന്നത്. അതിനാൽ തന്നെ 34 കളികളിൽ നിന്നു ഇത് വരെ രാജ്യത്തിനു ആയി 12 ഗോളുകൾ ഡേവിസ് നേടിയിട്ടുണ്ട്. ഇനി ലോകകപ്പിന്റെ ദിനങ്ങൾ ആണ് ഡേവിസിന്, അഭയം തന്ന രാജ്യത്തിനു കളിച്ചു പകരം ചെയ്യാനുള്ള അവസരം ആണ് താരത്തിന് അത്. ലോകകപ്പിൽ ഡേവിസ് കളിക്കുമ്പോൾ അത് കാനഡക്കോ അവരുടെ ആരാധകർക്കോ മാത്രമല്ല പ്രതീക്ഷ നൽകുക മറിച്ചു സ്വന്തം രാജ്യം വിട്ട് ഓടി പോവേണ്ടി വന്ന, കുടിയേറേണ്ടി വന്ന അതിന്റെ പേരിൽ അധിക്ഷേപങ്ങൾ നിരന്തരം കേൾക്കേണ്ടി വരുന്ന, നിരന്തരം ആട്ടി ഓടിക്കൽ നേരിടേണ്ടി വരുന്ന കോടിക്കണക്കിന് വീടില്ലാത്തതോ, രാജ്യം ഇല്ലാത്തതോ ആയ എല്ലാ മനുഷ്യർക്കും അത് പ്രതീക്ഷ നൽകും. അതിനാൽ തന്നെ അൽഫോൺസോ ഡേവിസും അദ്ദേഹത്തെ സ്വന്തം മകനായി സ്വീകരിച്ച കാനഡയും ഈ ലോകകപ്പിൽ തിളങ്ങട്ടെ എന്നു തന്നെ പ്രത്യാശിക്കാം.