റഗ്ബി ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് നിലവിലെ ജേതാക്കൾ ആയ ന്യൂസിലാൻഡ് തുടക്കം ഗംഭീരമാക്കി. 23-13 എന്ന സ്കോറിന് ആയിരുന്നു ഓൾ ബ്ളാക്‌സ് ജയം കണ്ടത്. ആദ്യ പകുതിയിൽ 5 മിനിറ്റിനുള്ളിൽ 17 പോയിന്റുകൾ നേടിയ പ്രകടനം ആണ് ന്യൂസിലാൻഡിനു നിർണായകമായത്. തിരിച്ചു വരവിനുള്ള സകലശ്രമവും സ്പ്രിങ് ബോക്‌സ് നടത്തിയെങ്കിലും ഓൾ ബ്ളാക്‌സിന്റെ കരുത്തിനു മുന്നിൽ അതൊന്നും വിലപോയില്ല. സ്‌കോട്ട് ബാരെറ്റിന്റെ മൂന്നും പ്രകടനം ആണ് ന്യൂസിലാൻഡ് ജയത്തിൽ നിർണായകമായത്. സ്‌കോട്ട് തന്നെയായിരുന്നു കളിയിലെ കേമനും. ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമത് ആവുക എന്ന കടമ്പയിലേക്ക് ന്യൂസിലാൻഡ് അടുത്തു. 2007 നു ശേഷം ലോകകപ്പിൽ തോൽവി അറിയാത്ത ന്യൂസിലാൻഡിന്റെ തുടർച്ചയായ 15 മത്തെ ജയം ആണ് ലോകകപ്പിൽ ഇത്.
അതേസമയം ഗ്രൂപ്പ് സിയിലെ കരുത്തർ തമ്മിലുള്ള മുഖാമുഖത്തിൽ ഫ്രാൻസ് അർജന്റീനയെ 23-21 എന്ന സ്കോറിന് മറികടന്നു. ആവേശകരമായ മത്സരത്തിൽ അർജന്റീനയുടെ കടുത്ത വെല്ലുവിളിയാണ് ഫ്രാൻസ് നേരിട്ടത്. 20-3 ൽ നിന്നു തിരിച്ചു വന്ന അർജന്റീന സകല കരുത്തും ഉപയോഗിച്ച് പൊരുതി നോക്കിയെങ്കിലും ഫ്രാൻസ് വിട്ട് കൊടുത്തില്ല. ഇതോടെ മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ അർജന്റീനയുടെ നില പരുങ്ങലിൽ ആയി. ഇംഗ്ലണ്ട് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ മുന്നോട്ടു പോവാൻ അർജന്റീന ഇനി നന്നായി വിയർക്കേണ്ടി വരും. അതിനാൽ തന്നെ വളരെ നിർണായകജയം ആണ് ഫ്രാൻസിന് ഇത്.
ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയ ഫിജിയെ തകർക്കുന്നതും ഇന്ന് കണ്ടു. 39-21 എന്ന സ്കോറിന് ആയിരുന്നു ഓസ്‌ട്രേലിയ ജയം കണ്ടത്. വെയിൽസ് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ അപകടകാരികൾ ആയ ഫിജിക്ക് എതിരെയുള്ള ജയം ഓസ്‌ട്രേലിയക്ക് നിർണായകമാണ്. ലോകകപ്പിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ 10.15 നു ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇറ്റലി നമീബിയെ നേരിടുമ്പോൾ രണ്ടാം മത്സരം ഗ്രൂപ്പ് എയിലെ ആധിപത്യം നേടാനായുള്ള അയർലൻഡ് സ്‌കോട്ട്‌ലൻഡ് പോരാട്ടം ആവും. ലോകകപ്പിലെ തന്നെ ആവേശപോരാട്ടം ആവും 12.15 നു തുടങ്ങുന്ന ഈ മത്സരം. ലോകകപ്പ് നേടാൻ പലരും വലിയ സാധ്യത ആണ് അയർലൻഡിനു നൽകുന്നത്. നാളത്തെ അവസാനമത്സരം 3.15 നു മുൻജേതാക്കൾ ആയ ഇംഗ്ലണ്ടും ടോങോയും തമ്മിൽ ആണ്. മരണഗ്രൂപ്പിൽ ജയം കാണേണ്ടതിനാൽ ജയത്തിൽ കുറഞ്ഞ ഒന്നും ഇംഗ്ലണ്ട് മത്സരത്തിൽ നിന്നു പ്രതീക്ഷിക്കുന്നില്ല.