വീണ്ടും ലീഡ് കളഞ്ഞ് കുളിച്ച് സ്പർസ്, ലെസ്റ്ററിൽ തോൽവി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തിന് പിന്നാലെ സ്പർസിന് ലീഗ് മത്സരത്തിൽ തോൽവി. ലെസ്റ്ററിനൊട് 2-1 നാണ് സ്പർസ് തോൽവി വഴങ്ങിയത്. 70 മിനുട്ട് ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് സ്പർസ് ലീഡ് കളഞ്ഞ് കുളിച്ചത്. ഇന്നത്തെ തോൽവിയോടെ സ്പർസ് അഞ്ചാം സ്ഥാനത്ത് തുടർന്നപ്പോൾ 11 പോയിന്റുള്ള ലെസ്റ്റർ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

യുണൈറ്റഡിന് മുന്നിൽ തോൽവി വഴങ്ങിയ ടീമിൽ നിന്ന് 2 മാറ്റങ്ങളുമായാണ് ലെസ്റ്റർ ഇറങ്ങിയതെങ്കിൽ, സ്പർസ് ചാമ്പ്യൻസ് ലീഗ് ടീമിൽ ആറ് മാറ്റങ്ങളാണ് വരുത്തിയത്. 29 ആം മിനുട്ടിൽ സ്പർസ് മത്സരത്തിൽ ലീഡ് എടുത്തു. സോണിന്റെ പാസ്സ് സ്വീകരിച്ച കെയ്ൻ ബോക്‌സിൽ വീണെങ്കിലും അതിന് മുൻപേ പന്ത് വലയിലാക്കാൻ താരത്തിനായി.

രണ്ടാം പകുതിയിൽ ഒറിയെ സ്പർസിന്റെ ലീഡ് ഉയർത്തിയെങ്കിലും VAR ഗോൾ നൽകിയില്ല. സോണ് ഓഫ് സൈഡ് ആയതാണ് കാരണം. 69 ആം മിനുട്ടിൽ ലെസ്റ്റർ കാത്തിരുന്ന സമനില ഗോൾ പിറന്നു. വാർഡി നൽകിയ പാസ്സ് പെരേര ഗോളിലേക്ക് തിരിച്ചു വിട്ടത് ഡാനി റോസിൽ തട്ടി വലയിൽ. 84 ആം മിനുട്ടിൽ ടീലമാൻസിനെ പിൻവലിച്ച് റോഡ്‌ജെർസ് ഹംസ ചൗദരിയെ ഇറക്കിയതിന് രണ്ട് മിനിട്ടുകൾക്ക് ശേഷം ഫലം ലഭിച്ചു. ചൗധരി നൽകിയ പസ്സിൽ നിന്ന് ബോക്സിന് പുറത്ത് നിന്ന് ജെയിംസ് മാഡിസന്റെ ഷോട്ട് ഗാസനിഗയെ കീഴടക്കി വലയിൽ പതിച്ചു.

തുടർച്ചയായ രണ്ടാം മത്സരത്തിലും ലീഡ് എടുത്ത ശേഷം പോയിന്റ് നഷ്ടപ്പെടുത്തുന്ന സ്പർസിന് സീസണിൽ പ്രതിരോധം കാര്യമായ തലവേദനയാകും എന്ന് ഉറപ്പാണ്.