ലോ സ്കോറിംഗ് ത്രില്ലറിൽ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍

Afghanistanu19

അണ്ടര്‍ 19 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറി ശ്രീലങ്ക. ഇന്നലെ അഫ്ഗാനിസ്ഥാനെ 134 റൺസിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിഴച്ചപ്പോള്‍ ടീം 130 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ലീഗ് ഘട്ടത്തിൽ ശക്തമായ പ്രകടനവുമായി എത്തിയ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയായി ഈ നാല് റൺസ് തോല്‍വി. അബ്ദുള്‍ ഹാദി(37), നൂര്‍ അഹമ്മദ്(30), അല്ലാഹ് നൂര്‍(25) എന്നിവരാണ് അഫ്ഗാന്‍ ബാറ്റിംഗിൽ പ്രതിരോധം തീര്‍ത്തത്. ശ്രീലങ്കയ്ക്കായി വിനൂജ രൺപുൽ തന്റെ 9.1 ഓവറിൽ വെറും 10 റൺസ് നൽകി 5 വിക്കറ്റ് നേടുകയായിരുന്നു. ക്യാപ്റ്റന്‍ ദുനിത് വെല്ലാലാഗേ മൂന്ന് വിക്കറ്റും നേടി.

43/7 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയ്ക്ക് പ്രതീക്ഷയായി ദുനിത് വെല്ലാലാഗേ – രവീന്‍ ഡി സിൽവ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ 69 റൺസ് നേടിയെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ ശ്രീലങ്ക പരാജയത്തിലേക്ക് വീണു. ദുനിത് 34 റൺസും രവീന്‍ 21 റൺസും നേടിയപ്പോള്‍ വിനൂജ 11 റൺസുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അനായാസ വിജയവുമായി എത്തിയ ഇംഗ്ലണ്ട് ആണ് സെമിയിൽ അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.

Previous article‘വാർ’ തുണയായി, സമനിലയുമായി രക്ഷപെട്ട് ബ്രസീൽ
Next articleഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ഇവാൻ, ക്രിസ്റ്റീന സഖ്യത്തിന്