സാൻസിരോയിൽ എ സി മിലാന്റെ ആധിപത്യം, ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ജയം

20220915 000557

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ എ സി മിലാന് ആദ്യ വിജയം. സാൻസിരോയിൽ നടന്ന മത്സരത്തിൽ ഡൈനാമോ സഗ്രബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എ സി മിലാൻ പരാജയപ്പെടുത്തിയത്. അവർ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സാൽസ്ബർഗിനോട് സമനില വഴങ്ങിയിരുന്നു. ഇന്ന് തുടക്കം മുതൽ കളി നിയന്ത്രിച്ച മിലാൻ ആദ്യ പകുതിയുടെ അവസാനം ആണ് ആദ്യ ഗോൾ നേടിയത്.

ചാമ്പ്യൻസ് ലീഗ്

റാഫേൽ ലിയോ നേടിയ പെനാൾട്ടി സ്ട്രൈക്കർ ജിറൂദ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും എ സി മിലാൻ വല കുലുക്കി. 47ആം മിനുട്ടിൽ സാലെമെകേഴ്സിന്റെ ഗോൾ ആണ് സ്കോർ 2-0 എന്നാക്കിയത്. ലിയോ ആയിരുന്നു അസിസ്റ്റ് നൽകിയത്. സാലെമെകേഴ്സ് സാൽസ്വർഗിനെതിരെയും ഗോൾ നേടിയിരുന്നു.

56ആം മിജുട്ടിൽ ഒർസിചിലൂടെ ഒരു ഗോൾ മടക്കിയ സഗ്രബ് മിലാന് സമ്മർദ്ദം നൽകി. എന്നാൽ സബ്ബായി എത്തിയ പൊബേഗയുടെ ഒരു തമ്പിങ് സ്ട്രൈക്ക് മിലാന് മൂന്നാം ഗോളും വിജയവും നൽകി. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മിലാന് നാലു പോയിന്റ് ആണ് ഉള്ളത്.