എ സി മിലാൻ വീണ്ടും ഇറ്റാലിയൻ ഫുട്ബോളിന്റെ തലപ്പത്ത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഇറ്റാലിയൻ ലീഗ് കിരീടം നേടിയിരിക്കുകയാണ്. ഇന്ന് അവസാന ദിവസം ഒരു പോയിന്റ് മതിയായിരുന്നു അവർക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ. അവർ സസുവോളയെ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് അനായാസം കിരീടം സ്വന്തമാക്കി.
ഇന്ന് എവേ മത്സരമായിട്ടും മിലാന്റെ ആധിപത്യമാണ് കാണാൻ ആയത്. മത്സരം ആരംഭിച്ച് 36 മിനുട്ടുകൾക്ക് അകം മിലാൻ 3 ഗോളുകൾക്ക് മുന്നിൽ എത്തി. ജിറൂഡിന്റെ ഇരട്ട ഗോളുകളാണ് എ സി മിലാന് കരിത്തായത്. 17ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. 32ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. 36ആം മിനുട്ടിൽ കെസ്സിയിലൂടെ മൂന്നാം ഗോളും വന്നതോടെ ഫലം തീരുമാനമായി.
ഇന്റർ മിലാൻ അവരുടെ മത്സരത്തിൽ സാമ്പ്ഡോറിയയെ തോൽപ്പിച്ചു എങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
എ സി മിലാൻ 38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുമായാണ് ലീഗിലെ ഒന്നാം സ്ഥാനം നേടിയത്. ഇന്റർ 84 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു. മിലാന്റെ 19ആം ലീഗ് കിരീടമാണിത്.