ഇറ്റാലിയൻ സീരി എയിൽ വമ്പൻ ജയവുമായി എ.സി മിലാൻ. മോൻസയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് മിലാൻ മറികടന്നത്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒരു കളി കുറവ് കളിച്ച ഒന്നാമതുള്ള നാപോളിക്ക് ഒപ്പവും മിലാൻ എത്തി. അതേസമയം മോൻസ ലീഗിൽ പതിനാലാം സ്ഥാനത്ത് ആണ്. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇരു ടീമുകളും തുല്യത പാലിച്ച മത്സരത്തിൽ ഗോളിന് മുന്നിലെ കൃത്യതയാണ് മിലാനു തുണയായത്. 16 മത്തെ മിനിറ്റിൽ അതുഗ്രൻ സോളോ ഗോളിലൂടെ ബ്രാഹിം ഡിയാസ് മിലാനു ആദ്യ ഗോൾ സമ്മാനിച്ചു. 41 മത്തെ മിനിറ്റിൽ ഒറിഗിയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ തന്റെ രണ്ടാം ഗോളും ബ്രാഹിം ഡിയാസ് കണ്ടത്തി.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ബ്രാഹിം ഡിയാസ് പരിക്കേറ്റു പുറത്ത് പോവേണ്ടി വന്നത് മിലാനു വലിയ തിരിച്ചടിയായി. 65 മത്തെ മിനിറ്റിൽ ജൂനിയർ മെസിയാസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഒറിഗി മിലാൻ ജയം ഉറപ്പിച്ചു. 5 മിനിറ്റിനു ശേഷം 20 വാരം അകലെ നിന്നു ഫ്രീകിക്കിലൂടെ ഫിലിപ്പോ റൊനോചിയോ ഗോൾ നേടിയതോടെ മോൻസക്ക് ചെറിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ 84 മത്തെ മിനിറ്റിൽ തിയോ ഫെർണാണ്ടസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ പോർച്ചുഗീസ് സൂപ്പർ താരം റാഫേൽ ലിയോ ചാമ്പ്യൻമാരുടെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു.