എങ്ങനെ കളിച്ചാലും അഞ്ചാം സ്ഥാനത്തിൽ കുരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് ഇന്നലെയേറ്റ തിരിച്ചടി അത്ര ചെറുതല്ല. ഇന്നലെ സൗതാമ്പ്ടണെതിരെ വിജയിച്ചിരുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് എത്താമായിരുന്നു. എന്നാൽ നിർഭാഗ്യം അവരെ കൈവിട്ടു. വിജയിച്ചു നിൽക്കെ 91ആം മിനുട്ടിൽ ബ്രണ്ടൺ വില്യംസിന് പരിക്കേറ്റതും യുണൈറ്റഡ് 10 പേരായി ചുരുങ്ങിയതും ഈ നിർഭാഗ്യത്തിന്റെ ശ്രേണിയിൽ തന്നെ വരും.

ലീഗിൽ ഈ സീസണിൽ പല അവസരങ്ങളും ആദ്യ നാലിൽ എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായിരുന്നു. അപ്പോഴെല്ലാം ആ അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് കണ്ടത്‌. ചെൽസി പോയന്റ് നഷ്ടപ്പെടുത്തുന്ന അന്നൊക്കെ പോയന്റ് നഷ്ടപ്പെടുത്തുന്ന ഒലെയുടെ ടീമിനെ ഈ സീസണിൽ ഉടനീളം കാണാനായി. കഴിഞ്ഞ സീസൺ അവസാനവും ഇതുപോലെ ആദ്യ നാലിൽ എത്താനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡ് കളഞ്ഞിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന മാസങ്ങളിൽ ഒരുപാട് മെച്ചപ്പെട്ടു എങ്കിലും ഇപ്പോഴും വലിയ സമ്മർദ്ദങ്ങൾ മറികടക്കാനുള്ള വലിയ ക്ലബുകളുടെ മാനസിക കരുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയും തിരിച്ച് കിട്ടിയിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലെ പ്രശ്നങ്ങളും ആദ്യ ഇലവന് അപ്പുറം നല്ല താരങ്ങൾ ഇല്ലാത്തതും ക്ലബിനെ അലട്ടുന്നുണ്ട്. ഇനിയുള്ള മൂന്ന് മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമല്ല. ആദ്യ നാലിൽ ഇത്തവണ എത്താൻ കഴിഞ്ഞില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടുവെച്ച പടികളെല്ലാം മറന്ന് ചുറ്റും വീണ്ടും വിമർശനങ്ങൾ ഉയരാനും വഴിവെക്കും.