അടങ്ങാത്ത പോരാട്ട വീര്യം, 36 റൺസിന് വീണെടുത്ത് നിന്ന് 32 വർഷത്തെ ചരിത്രം തകർത്ത ഇന്ത്യൻ ഉയർത്തെഴുന്നേൽപ്പ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഡ്ലൈഡിൽ നിന്ന് ഗാബയിലേക്കുള്ള ദൂരം എത്രയാണ്? ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ പതനം എന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നിലേക്കുള്ള ദൂരമാണ് അത്. 36 റൺസിന് അഡ്ലൈഡിൽ വീണപ്പോൾ ഓസ്ട്രേലിയ വൈറ്റ് വാഷ് ചെയ്തു കൊണ്ടു പോകുമെന്ന് എല്ലാവരും വിധി എഴുതിയ സീരീസ് ഇന്ന് ചരിത്രത്തിൽ ഇടം നേടിയ ചേസുമായാണ് ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നത്.

ഒരോ ഘട്ടത്തിലും ഇന്ത്യക്ക് പ്രതികൂലമായി കാര്യങ്ങൾ മാറി കൊണ്ടിരുന്നപ്പോഴും പതറാതെ തല ഉയർത്തി തന്നെ ഇന്ത്യ നിൽക്കുന്നതാണ് സീരീസിൽ അഡ്ലൈഡ് മുതൽ ഇങ്ങോട്ട് കണ്ടത്. ഗാബ എന്നാൽ ഓസ്ട്രേലിയയുടെ കരുത്തുറ്റ കോട്ട ആയാണ് ഗാബ അറിയപ്പെട്ടിരുന്നത്. 1989 മുതൽ ഒരു ടീമിനും അവിടെ ഓസ്ട്രേലിയയെ തൊടാൻ ആയിരുന്നില്ല. മൂന്ന് ഇന്നിങ്സും കഴിഞ്ഞ് 300നു മുകളിൽ വിജയ ലക്ഷ്യം വെച്ചപ്പോൾ ഓസ്ട്രേലിയ കരുതിയതും വിജയം ഉറച്ചെന്നാണ്.

പക്ഷെ ഇന്ത്യയുടെ യുവനിരയ്ക്ക് ഭയമേ ഉണ്ടായിരുന്നില്ല. ഇന്ന് 324 റൺസ് ആയിരുന്നു നേടാൻ ബാക്കി ഉണ്ടായിരുന്നത്. ഓസ്ട്രേലിയൻ ബൗളിംഗ് അറ്റാക്കിനെ അറിയുന്ന ഏതു ടീമും സമനിലയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചേനെ. എന്നാൽ ഇന്ത്യക്ക് വിജയം മാത്രമായിരുന്നു ലക്ഷ്യം. സമനില പോലും കിരീടം നിലനിർത്താൻ സഹായിക്കുമായിരുന്നിട്ടും ഇന്ത്യ അഗ്രസീവ് ആയി കളിക്കാൻ തീരുമാനിച്ചു. ക്യാപ്റ്റൻ രഹാനെയുടെ ബാറ്റിങ് ഇന്ത്യൻ വിജയത്തിനായാണ് കളിക്കുന്നത് എന്ന് നേരിട്ട് സൂചന നൽകി.

പൂജാര പുറത്താകുന്നത് വരെ ഇന്ത്യക്ക് ഇന്ന് സമ്മർദ്ദമേ ഉണ്ടായിരുന്നില്ല. വിജയം അല്ലാ എങ്കിൽ സമനില എന്ന് ഉറപ്പാക്കിയ രീതിയിൽ ആണ് കളിച്ചത്. പൂജാരയും മായങ്കും പുറത്തായപ്പോൾ ഇന്ത്യൻ ആരാധകർ ഒന്ന് ഭയന്നു. ഒരു ഘട്ടത്തിൽ നേടേണ്ട റൺറേറ്റ് 6നു മുകളിലും പോയി. പക്ഷെ വാഷിങ്ടൺ സുന്ദറിന്റെയും പന്തിന്റെയും യുവ മനസ്സുകൾക്ക് ഭയമേ ഉണ്ടായിരുന്നില്ല. ആരാധകർക്ക് പോലും സമ്മർദ്ദം നൽകാത്ത തരത്തിലും ഇരുവരും വാറ്റു ചെയ്തു. വിജയം ഏതാണ്ട് ഉറപ്പിച്ച് മാത്രമാണ് സുന്ദർ കളം വിട്ടത്. പന്ത് ആകട്ടെ തന്റെ വിമർശകരെ എല്ലാം വർഷങ്ങളോളം നിശബ്ദരാക്കുന്ന ഇന്നിങ്സുമായി വിജയ റൺസ് വരെ കളത്തിൽ നിന്നു.

ഈ വിജയത്തിന് ഒരു വിദേശ ടെസ്റ്റ് വിജയവും നാലാം ഇന്നിങ്സിലെ ചേസും ഗാബയുടെ ഭീതി മറികടന്നതും ഒക്കെ മാറ്റു കൂട്ടുന്നുണ്ട് എങ്കിലും ഏറ്റവും പ്രധാനം ഈ ടീം വെച്ച് ഇന്ത്യ വിജയിച്ചു എന്നതാണ്. ഇന്ത്യൻ ടീമിന്റെ മികവ് എത്ര ആഴത്തിൽ ഉണ്ട് എന്ന് ലോക ക്രിക്കറ്റിന് കാണിച്ചു കൊടുത്തിരിക്കുകയാണ് ഈ ടെസ്റ്റ് സീരീസ്.