ഇന്നലെ ടോക്കിയോയിൽ നടന്ന നാടകീയ രംഗങ്ങൾക്ക് ശേഷം ബെലാറസ് താരം ക്രിസ്റ്റീന സിമനയോസ്കിയക്ക് ആശ്വാസ വാർത്ത. പരിശീലകരെ വിമർശിച്ച ശേഷം ടീമിൽ അനഭിതമായ താരത്തെ ബലമായി ബെലാറസിൽ എത്തിക്കാനുള്ള ശ്രമത്തിനെ പ്രതിരോധിച്ച താരം നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചു. തുടർന്നു തന്റെ സുരക്ഷയിൽ ഭയം പ്രകടിപ്പിച്ച താരത്തെ ടോക്കിയോ പോലീസ് ഏറ്റെടുത്തിരുന്നു. അതിനു ശേഷം താരം രാഷ്ട്രീയ അഭയവും ആവശ്യപ്പെട്ടു രംഗത്ത് വന്നു. ഇതോടെ 24 കാരിയായ താരത്തിന് പോളണ്ട് മണിക്കൂറുകൾക്ക് ശേഷം രാഷ്ട്രീയ അഭയം പ്രഖ്യാപിച്ചു. സ്ലൊവേനിയ, ചെക് റിപ്പബ്ലിക്, ലുതിയാനിയ രാജ്യങ്ങളും തങ്ങളുടെ സഹായം താരത്തിന് വാഗ്ദാനം ചെയ്തിരുന്നു.
ബെലാറസിലെ ഏകാധിപതിയായ അലക്സാണ്ടർ ലുകഷെങ്കോക്ക് വലിയ തിരിച്ചടിയായി ഈ സംഭവം. ലുകഷെങ്കോയുടെ ഏകാധിപത്യ ഭരണത്തിന് എതിരെ പ്രതികരിച്ച മറ്റുള്ളവരെ എന്ന പോലെ കായിക താരങ്ങളെയും ഭരണകൂടം വേട്ടയാടിയിരുന്നു. ഈ കായിക താരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബെലാറസ് സ്പോർട്ട് സോളിഡാരിറ്റി ഫൗണ്ടേഷന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്രിസ്റ്റീന തന്റെ ആശങ്ക പുറം ലോകത്തെ അറിയിച്ചത്. പരിശീലലരെ ആണ് വിമർശിച്ചത് എങ്കിലും നാട്ടിൽ ഒരു രാഷ്ട്രീയ തടവുകാരി ആക്കുമോ എന്ന ഭയം ക്രിസ്റ്റീനക്ക് ഉണ്ടായിരുന്നു. പ്രസിഡന്റ് ലുകഷെങ്കോയുടെ മകൻ ആണ് ബെലാറസ് കായിക രംഗം ഭരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ മനുഷ്യാവകാശ ലംഘനങ്ങൾ കാരണം പ്രസിഡന്റ് ലുകഷെങ്കോയെയും മകനെയും ടോക്കിയോ ഒളിമ്പിക്സിൽ നിന്നു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കിയിരുന്നു.
നിരപരാധികളായ താരങ്ങളെ ശിക്ഷിക്കണ്ട എന്ന കാരണത്താൽ മാത്രമാണ് ബെലാറസ് നിന്നുള്ള 103 കായിക താരങ്ങളെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ടോക്കിയോയിൽ പങ്കെടുക്കാൻ അനുവദിച്ചത്. രാജ്യത്തിനു നാണക്കേട് ആയി എന്ന നിലക്കുള്ള കടുത്ത വിമർശനങ്ങൾ ആണ് പരിശീലകരെ വിമർശിച്ച ഉടനെ ക്രിസ്റ്റീനക്ക് ബെലാറസ് ദേശീയ മാധ്യമത്തിൽ നിന്നടക്കം കേൾക്കേണ്ടി വന്നതും. ക്രിസ്റ്റീനയും ആയി ബന്ധപ്പെട്ട ബെലാറസ് സ്പോർട്ട് സോളിഡാരിറ്റി ഫൗണ്ടേഷന്റെ പ്രസിഡന്റ് താരം സുരക്ഷിത ആണെന്നും ഒളിമ്പിക്സിൽ പങ്കെടുക്കാൻ പറ്റാത്തതിൽ നിരാശയാണെന്നും പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ കുറെ മണിക്കൂറുകളിൽ ടോക്കിയോയിൽ സംഭവിച്ച നാടകീയ രംഗങ്ങൾക്ക് താൽക്കാലിക പരിഹാരം ഉണ്ടായി.