തനിക്ക് ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയുണ്ട് – ദിനേശ് കാര്‍ത്തിക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ടി20 സെറ്റപ്പിലേക്ക് മടങ്ങിയെത്തുവാന്‍ തനിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് ദിനേശ് കാര്‍ത്തിക്. ഐപിഎല്‍ 2020 ഇപ്പോള്‍ തല്‍ക്കാലം ഉപേക്ഷിക്കപ്പെട്ടതിനാല്‍ തന്നെ അതിലെ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ മടങ്ങി വരവ് സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. ധോണി കഴിഞ്ഞാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുവാന്‍ അവസരം കാത്തിരിക്കുന്ന താരങ്ങളില്‍ ഒരാളായ ദിനേശ് കാര്‍ത്തിക്ക് തനിക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നീ വിക്കറ്റ് കീപ്പര്‍മാര്‍ക്കൊപ്പം ദിനേശ് കാര്‍ത്തിക്കിനും ഇപ്പോള്‍ വെല്ലുവിളിയായി മാറിയിരിക്കുന്നത് കെഎല്‍ രാഹുലാണ്. ന്യൂസിലാണ്ടിനെതിരെയുള്ള പ്രകടനം കൂടിയായപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് മടങ്ങി വരവ് ദുഷ്കരമാകുന്ന സാഹചര്യമാണുണ്ടായത്.

2019 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. അന്ന് 2 ഇന്നിംഗ്സുകളില്‍ നിന്ന് വെറും 14 റണ്‍സാണ് താരത്തിന് നേടിയത്. എന്നാല്‍ താന്‍ 50 ഓവര്‍ സെറ്റപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ ടി20യില്‍ തനിക്ക് അവസരം നല്‍കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം.

തീര്‍ച്ചയായും വേദനയുണ്ട്, അതില്‍ യാതൊരു സംശയവുമില്ല, എനിക്ക് രാജ്യത്തിന് വേണ്ടി കളിക്കുവാനുള്ള തീവ്രമായ ആഗ്രഹമുണ്ട്, അത് ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്നതാണ് സത്യമെന്നും ദിനേശ് കാര്‍ത്തിക്ക് വ്യക്തമാക്കി. എന്റെ ടി20യിലെ റെക്കോര്‍ഡ് മികച്ചതാണ്, ലോകകപ്പില്‍ മികച്ച പ്രകടനമില്ലെങ്കിലും താന്‍ പ്രാദേശിക ടൂര്‍ണ്ണമെന്റിലെല്ലാം ടി20യില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് താരം വ്യക്തമാക്കി.

തനിക്ക് മടങ്ങി വരാനാകുമെന്ന പ്രതീക്ഷ തന്നെയാണുള്ളതെന്ന് 132 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യയുടെ ലോകകപ്പ് ജയിച്ച ടി20 ടീമിലെ അംഗമായ കാര്‍ത്തിക്ക് പറഞ്ഞു. 2018ല്‍ നിദാഹസ് ട്രോഫിയില്‍ 8 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനമാണ് ഫിനിഷറുടെ റോളിലേക്ക് താരത്തെ പരിഗണിക്കുവാന്‍ ഇടയാക്കിയത്. ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കായും മികച്ച പ്രകടനം താരം പുറത്തെടുത്തിട്ടുള്ളതാണ്.

തന്റെ കരിയറില്‍ മുഴുവന്‍ ഉയര്‍ച്ച താഴ്ചകളാണെന്നും അതാണ് സ്പോര്‍ട്ട്സില്‍ നിന്ന് തനിക്ക് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് കരുതുന്നതെന്നും കാര്‍ത്തിക്ക് പറഞ്ഞു. ടീം ശക്തരാകുന്നത് മികച്ചതും സന്തോഷം തരുന്നതുമായ കാര്യമാണ്, എന്നാല്‍ താന്‍ മികച്ച ക്രിക്കറ്ററായി തുടരുകയെന്ന ദൗത്യമാണ് താന്‍ ചെയ്യേണ്ടതെന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.