ടി20യില്‍ തുടര്‍ച്ചയായ 13 ജയം എന്ന നേട്ടം സ്വന്തമാക്കുവാനെത്തിയ അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകളെ തകിടം മറിച്ച് സിംബാബ്‍വേ. ക്രിസ് പോഫു ബൗളിംഗിലും ഹാമിള്‍ട്ടണ്‍ മസകഡ്സ ബാറ്റിംഗിലും തിളങ്ങിയാണ് അഫ്ഗാനിസ്ഥാന്റെ മോഹങ്ങളെ തകര്‍ത്തെറിഞ്ഞത്. അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ക്രിസ് പോഫുവായിരുന്നു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന്റെ മികവില്‍ സിംബാബ്‍വേ അഫ്ഗാനിസ്ഥാനെ 155/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടി.
പിന്നീട് ബാറ്റിംഗില്‍ മിന്നും പ്രകടനവുമായി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ അവസാന മത്സരം കളിക്കുന്ന ഹാമിള്‍ട്ടണ്‍ മസകഡ്സ നിലയുറപ്പിച്ചപ്പോള്‍ വിജയം സിംബാബ്‍വേ സ്വന്തമാക്കി. 42 പന്തില്‍ നിന്ന് 71 റണ്‍സാണ് സിംബാബ്‍വേ നായകന്‍ നേടിയത്. ഒരു ഘട്ടത്തില്‍ 107/1 എന്ന നിലയില്‍ ആയിരുന്ന അഫ്ഗാനിസ്ഥാന്‍ ടി20യിലെ തങ്ങളുടെ മേധാവിത്വം തുടരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സിംബാബ്‍വേ തിരിച്ചടിയ്ക്കുകയായിരുന്നു.
പിന്നീട് 18 വര്‍ഷത്തെ തന്റെ കരിയറിന് സ്മാപ്തി കുറിച്ച ഹാമിള്‍ട്ടണ്‍ മസകഡ്സയുടെ ഇന്നിംഗ്സ് ചരിത്രത്തില്‍ ആദ്യമായി അഫ്ഗാനിസ്ഥാനെ ടി20യില്‍ സിംബാബ്‍വേ കീഴടക്കുന്നതിന് സാധ്യമാക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട സിംബാബ്‍വേയ്ക്ക് ഇത് ആശ്വാസ ജയം കൂടിയാണ്.