മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സിംബാബ്‍വേ

Zimbabwe

ബംഗ്ലാദേശിനെതിരെ ആദ്യ ടി20യിൽ 152 റൺസ് നേടി സിംബാബ്‍വേ. ഇന്ന് ഹരാരെയിൽ നടന്ന മത്സരത്തിൽ ടോസ് നേടി സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ ഓപ്പണര്‍ മരുമാനിയെ നഷ്ടമായ ശേഷം വെസ്ലി മാധവേരെയും റെഗിസ് ചകാബ്‍വയും ചേര്‍ന്ന് 64 റൺസ് രണ്ടാം വിക്കറ്റിൽ നേടി മികച്ച രീതിയിലാണ് സിംബാബ്‍വേയെ മുന്നോട്ട് നയിച്ചത്. മാധവേരെ 23 റൺസ് നേടിയപ്പോള്‍ റെഗിസ് ചകാബ്‍വയായിരുന്നു കൂടുതൽ അപകടകാരി.

അധികം വൈകാതെ 22 പന്തിൽ 43 റൺസ് നേടിയ ചകാബ്‍വയെയും സിംബാബ്‍വേയ്ക്ക് നഷ്ടമായി. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധികാതെ വന്നപ്പോള്‍ സിംബാബ്‍വേ തകരുന്ന കാഴ്ചയാണ് കണ്ടത്.

22 പന്തിൽ 35 റൺസ് നേടിയ ഡിയോൺ മയേഴ്സ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. പത്തോവറിൽ 91/2 എന്ന നിലയിലായിരുന്ന ടീം 19 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും മുഹമ്മദ് സൈഫുദ്ദീന്‍, ഷൊറിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.