മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ പ്രവചിച്ചത് പോലെ ജസ്പ്രീത് ബുംറ ഒന്നാം നമ്പര്‍ ബൗളറായി – യുവരാജ് സിംഗ്

റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ജസ്പ്രീത് ബുംറയോടൊപ്പം തനിക്ക് തന്റെ കരിയറിന്റെ അവസാന കാലത്ത് കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് സാധിച്ച ശേഷം റിട്ടയര്‍മെന്റ് ആകാമെന്ന് താന്‍ ചിന്തിച്ചിരുന്നുവെന്നും പറഞ്ഞ് യുവരാജ് സിംഗ്. പക്ഷേ 2018ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കുമ്പോള്‍ ആന്‍ഡ്രേ ടൈ തന്നെ യുവി പാ എന്ന് വിളിച്ചപ്പോളാണ് താന്‍ ശരിക്കും റിട്ടയര്‍ ചെയ്യണമെന്ന തോന്നിപ്പോയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്.

ജസ്പ്രീത് ബുംറയുടെയൊപ്പം ഇന്‍സ്റ്റാഗ്രാം ലൈവ് ചര്‍ച്ചയിലാണ് യുവരാജ് രസകരമായ ഈ കാര്യം പങ്കുവെച്ചത്. അത് പോലെ തന്നെ ബുംറയുടെ ബൗളിംഗ് ആദ്യമായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ താന്‍ ബുംറ ലോക ഒന്നാംം നമ്പര്‍ ബൗളറാകുമെന്ന് പ്രവചിച്ചിരുന്നുവെന്നും യുവരാജ് സിംഗ് പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പാണ് താന്‍ ഈ പ്രവചനം നടത്തിയതെന്നും ബുംറയോട് യുവരാജ് സിംഗ് വെളിപ്പെടുത്തി. 2007 ടി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ യുവരാജ് കാന്‍സറിനെതിരെയുള്ള പോരാട്ടത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം ഇന്ത്യന്‍ ടീമില്‍ സജീവ സാന്നിദ്ധ്യമാകുവാന്‍ സാധിക്കാതെ 2019ല്‍ ഇന്ത്യന്‍ ടീം ലോകകപ്പ് കളിക്കുന്നതിനിടെയാണ് തന്റെ അപ്രതീക്ഷിതമായ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പുറത്ത് വിട്ടത്.