വെല്ലുവിളി ഏറ്റെടുക്കുവാന്‍ യുവതാരങ്ങള്‍ മുന്നോട്ട് വരണം – മഹമ്മുദുള്ള

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യിലെ കനത്ത പരാജയത്തിന് ശേഷം സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വരണമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മഹമ്മുദുള്ള. തമീം ഇക്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം എന്നീ മുന്‍ നിര സീനിയര്‍ താരങ്ങള്‍ ഇല്ലാതെയാണ് ബംഗ്ലാദേശ് ആദ്യ മത്സരത്തിന് ഇറങ്ങിയത്. 66 റണ്‍സിന്റെ പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്.

അഫിഫ് ഹൊസന്‍, നയിം ഷെയ്ഖ് എന്നീ താരങ്ങളുടെ പ്രകടനം മത്സരത്തില്‍ നിന്ന് ബംഗ്ലാദേശിന്റെ പോസിറ്റീവ് വശങ്ങളാണ്. അരങ്ങേറ്റക്കാരന്‍ നസും അഹമ്മദും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ഈ താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം മുതലാക്കിയത് പോലെ തന്നെ മറ്റു താരങ്ങളും മുന്നോട്ട് വരണമെന്നും മഹമ്മുദുള്ള പറഞ്ഞ്.

ഈ താരങ്ങള്‍ മികച്ച പ്രതിഭകളാണെന്നും ബംഗ്ലാദേശിനെ ഭാവിയില്‍ വലിയ വിജയങ്ങള്‍ നല്‍കുവാന്‍ സാധ്യതയുള്ള താരങ്ങളാണ് ഇവരെന്നും മഹമ്മുദുള്ള വ്യക്തമാക്കി. ചില അവസരങ്ങള്‍ ടീം സൃഷ്ടിച്ചുവെങ്കിലും അവ കൈപ്പിടിയിലൊതുക്കുവാന്‍ ടീമിന് സാധിക്കാതെ പോയതാണ് ആദ്യ മത്സരത്തില്‍ തിരിച്ചടിയായതെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.