കോവിഡ് മൂലം കൗണ്ടി കരാറുകള്‍ റദ്ദാക്കി യോര്‍ക്ക്ഷയര്‍, റദ്ദാക്കിയത് അശ്വിന്‍, കേശവ് മഹാരാജന്‍, നിക്കോളസ് പൂരന്‍ എന്നിവരുടെ കരാറുകള്‍

കോവിഡ് വ്യാപനം തുടരുമ്പോള്‍ മറ്റു കൗണ്ടികളുടെ പാത പിന്തുടര്‍ന്ന് യോര്‍ക്ക്ഷയറും. തങ്ങളുടെ വിദേശ താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍, കേശവ് മഹാരാജ്, നിക്കോളസ് പൂരന്‍ എന്നിവരുടെ കരാറുകളാണ് ഇവര്‍ റദ്ദാക്കിയത്. ഇവരുടെ കൂടി സമ്മതത്തോടെയാണ് നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഈ കരാറുകള്‍ റദ്ദാക്കുന്നതെന്ന് കൗണ്ടി അറിയിച്ചു.

ആദ്യം മെയ് 28 വരെയും പിന്നീട് ജൂലൈ 1 വരെയും ഇംഗ്ലണ്ടില്‍ യാതൊരുവിധ ക്രിക്കറ്റ് മത്സരങ്ങളും നടക്കില്ലെന്ന് നേരത്തെ ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിവിധ കൗണ്ടികള്‍ താരങ്ങളുടെ കരാര്‍ റദ്ദാക്കുകയോ അടുത്ത വര്‍ഷത്തേക്ക് കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന രീതിയിലേക്കോ മാറ്റുകയായിരുന്നു.

ഭാവിയില്‍ ഈ താരങ്ങളെ വീണ്ടും ടീമില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് യോര്‍ക്ക്ഷയറിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മാര്‍ട്ടിന്‍ മോക്സണ്‍ അറിയിച്ചു.