ലോകകപ്പിലെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിന് 224 റൺസിന്റെ വിജയ ലക്ഷ്യം. ടോസ്സ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ട്രേലിയയുടെ തീരുമാനം പിഴച്ചതായാണ് കളിയിൽ തുടക്കം മുതൽക്ക് തന്നെ കാണാൻ സാധിച്ചത്. 4 റൺസ് എടുക്കുന്നതിനിടെ ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റൺസൊന്നുമെടുക്കാതെ ക്യാപ്റ്റൻ ഫിഞ്ചായിരുന്നു ആദ്യം വീണത്. 10 റൺസെടുക്കുന്നതിനുള്ളിൽ വാർണറും(9) വീണു. പിന്നീട് പൊരുതിയത് സ്റ്റീവൻ സ്മിത്താണ്(85).
ഒരറ്റത്ത് സ്മിത്ത് ഉറച്ച് നിന്നത് കൊണ്ടാണ് 200 കടക്കാൻ കങ്കാരുപ്പടയ്ക്കായത്. ഹാൻഡ്സ്കോമ്പ്(4) സ്റ്റൊയിണിസ്(0) കമ്മിൻസ്(6) ബ്രെൻഡോർഫ്(1) നാഥൻ ലിയോൺ(5) എന്നിവർ പൊരുതാതെ പുറത്തായി. മാക്സ് വെല്ലും (22) മിച്ചൽ സ്റ്റാർക്ക് (29) അലക്സ് കാരി (46) എന്നിവരാണ് സ്മിത്തിന് പിന്തുണ നൽകിയത്.
ക്രിസ് വോക്സും ആദിൽ റഷീദുമാണ് ഓസീസിനെ പൂട്ടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. 8 ഓവർ പന്തെറിഞ്ഞ വോക്സ് 20 റൺസ് വിട്ടുകൊടുത്താണ് 3 വിക്കറ്റുകൾ വീഴ്ത്തിയത്. ആദിൽ റഷീദും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഫ്ര ആർച്ചർ 2 വിക്കറ്റും മാർക്ക് വുഡ് 1 വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിര 49 ഓവറിലാണ് 223 റൺസ് എടുത്ത ആസ്ട്രേലിയയെ പൂട്ടിക്കെട്ടിയത്.