ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിലെ അരിശം മറച്ച് വയ്ക്കാതെ ടീം കോച്ച് സ്റ്റീവ് റോഡ്സ്. ചന്ദ്രനിലേക്ക് ആളുകളെ അയയ്ക്കുന്ന ഈ കാലത്ത് ഇതു പോലെ നീണ്ടൊരു ടൂര്‍ണ്ണമെന്റില്‍ റിസര്‍വ് ഡേ ഇല്ലാത്തത് മോശം കാര്യമാണെന്നാണ് സ്റ്റീവ് റോഡ്സ് പറഞ്ഞത്. ഇത് ടൂര്‍ണ്ണമെന്റ് സംഘാടകര്‍ക്ക് ശ്രമകരമായ കാര്യമാണെന്നറിയാം എന്നിരുന്നാലും മത്സരങ്ങള്‍ക്കിടയില്‍ ടീമുകള്‍ക്ക് ഇഷ്ടം പോലെ സമയം ലഭിയ്ക്കുന്നുണ്ട് എന്നതാണ് സത്യം. അടുത്ത മത്സരത്തിലേക്കുള്ള യാത്ര ഒരു ദിവസം വൈകിയാലും വലിയ പ്രശ്നമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് റോഡ്സ് പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ കാണികള്‍ക്കും നിരാശയാണ് നല്‍കുന്നത്. ക്രിക്കറ്റ് കാണുവാനാണ് അവര്‍ ടിക്കറ്റ് എടുക്കുന്നത്. എന്നിട്ട് ഇത്തരം സ്ഥിതിയില്‍ മത്സരം ഉപേക്ഷിക്കുന്നത് മോശമാണ്. റിസര്‍വ് ഡേ ഉണ്ടാകുകയും അന്ന് മത്സരം നടക്കുകയും ചെയ്താല്‍ അത് കാണികള്‍ക്കും ആശ്വാസം നല്കുന്ന കാര്യമാണെന്ന് സ്റ്റീവ് റോഡ്സ് അഭിപ്രായപ്പെട്ടു.