ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടെ നാല് മത്സരങ്ങളിലും ടോപ് ക്ലാസ് പ്രകടനമാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തതെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സെമിയില്‍ എത്തുവാന്‍ സാധിച്ചില്ല. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വിന്‍ഡീസിനെതിരൊയ ഉദ്ഘാടന മത്സമാണ് ടീമിന്റെ സെമി സാധ്യതകളെ തകര്‍ത്ത് കളഞ്ഞതെന്നും സര്‍ഫ്രാസ് പറഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള പരാജയത്തിന് ശേഷം വേറൊരു പാക്കിസ്ഥാനെയാണ് കണ്ടത്. അത് തീര്‍ച്ചയായും പ്രകീര്‍ത്തിക്കേണ്ട കാര്യമാണ്.
താരങ്ങളെല്ലാം തന്നെ ആ തോല്‍വിയ്ക്ക് ശേഷം ഉണര്‍ന്ന് കളിച്ചുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു. തുടക്കത്തിലെ ടീം കോമ്പിനേഷന്‍ ശരിയായിരുന്നില്ലെന്നും ഷഹീന്‍ അഫ്രീദിയും ഹാരിസ് സൊഹൈലും ടീമിലേക്ക് എത്തിയപ്പോള്‍ ടീം വേറൊരു ടീമായി തന്നെ മാറിയെന്നും സര്‍ഫ്രാസ് പറഞ്ഞു. ടീമിന് രണ്ട് മാസത്തോളം ഇനി ഒഴിവ് കാലമാണെന്നും ഈ കാലത്ത് ഒട്ടനവധി പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുണ്ടെന്ന് സര്‍ഫ്രാസ് വ്യക്തമാക്കി.
അവസാന നാല് മത്സരങ്ങളിലും ഷഹീന്‍ പന്തെറിഞ്ഞത് കാണുമ്പോള്‍ അത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയായി തന്നെ വിലയിരുത്തണം. ഇമാം, ബാബര്‍, ഹാരിസ്, ഷഹീന്‍ എന്നിവരുടെ പ്രകടനം പാക്കിസ്ഥാന് ശുഭ സൂചനയാണ് നല്‍കുന്നതെന്നും പാക്കിസ്ഥാന്‍ നായകന്‍ സൂചിപ്പിച്ചു.