ഒറ്റയാന്‍ മാക്സ്വെൽ!!! അഫ്ഗാന്‍ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇരട്ട ശതകം

Sports Correspondent

Glennmaxwell
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിലെ അട്ടിമറികള്‍ തുടരുകയെന്ന അഫ്ഗാനിസ്ഥാന്‍ മോഹങ്ങളെ തച്ചുതകര്‍ത്ത് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെൽ. 292 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയെ 91/7 എന്ന നിലയിലേക്ക് ഒതുക്കുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചുവെങ്കിലും പിന്നീട് കണ്ടത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നു.

46.5 ഓവറിൽ ഓസ്ട്രേലിയയുടെ വിജയം മാക്സ്വെൽ ഉറപ്പാക്കുമ്പോള്‍ താരം 128 പന്തിൽ പുറത്താകാതെ 201 റൺസാണ് നേടിയത്. 21 ബൗണ്ടറിയും പത്ത് സിക്സും അടങ്ങിയതായിരുന്നു മാക്സ്വെല്ലിന്റെ താണ്ഡവം. മറുവശത്ത് 68 പന്തിൽ വെറും 12 റൺസ് നേടി പാറ്റ് കമ്മിന്‍സ് ഒരു വശം കാത്ത് നിര്‍ണ്ണായക ചെറുത്ത്നില്പുയര്‍ത്തി. ക്രാംപ്സിനെ അതിജീവിച്ച് മാക്സ്വെൽ വിജയം കുറിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്റെ സെമി മോഹങ്ങളാണ് താരം തച്ചുടച്ചത്.

Afghanistan

ഗ്ലെന്‍ മാക്സ്വെല്ലിന്റെ ക്യാച്ച് താരത്തിന്റെ സ്കോര്‍ 33ൽ നിൽക്കുമ്പോള്‍ മുജീബ് വിട്ടത് അഫ്ഗാന് തിരിച്ചടിയായി മാറി.  പിന്നീട് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ മാക്സ്വെൽ മത്സരം മാറ്റി മറിയ്ക്കുന്നതാണ് കണ്ടത്. അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ താരം അഫ്ഗാന്‍ ക്യാമ്പിൽ ഭീതി പരത്തി.

76 പന്തിൽ നിന്ന് തന്റെ ശതകം മാക്സ്വെൽ പൂര്‍ത്തിയാക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സ് റിസ്ക് ഇല്ലാതെ മറുവശത്ത് നിലയുറപ്പിക്കുയായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ക്കാര്‍ക്കും തന്നെ മാക്സ്വെല്ലിനെ കീഴടക്കാന്‍ സാധിക്കാതെ പോയപ്പോള്‍ പരിക്ക് താരത്തിന് ഭീഷണിയായി വന്നു.

എന്നാൽ അതിനെയും അതിജീവിച്ച് മാക്സ്വെൽ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സും ചേസിംഗും ആരാധകര്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

202 റൺസാണ് മാക്സ്വെല്ലും പാറ്റ് കമ്മിന്‍സും എട്ടാം വിക്കറ്റിൽ നേടിയത്. അതിൽ 12 റൺസ് മാത്രമായിരുന്നു കമ്മിന്‍സിന്റെ സംഭാവന. അഫ്ഗാനിസ്ഥാനായി നവീന്‍ ഉള്‍ ഹക്ക്, അസ്മത്തുള്ള ഒമര്‍സായി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.