ഇംഗ്ലണ്ടിന്റെ അവസാന 15 അംഗ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുവാനിരിക്കവെ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് ശക്തമായ അഭ്യൂഹം. ലിയാം ഡോസണ്‍ ജോ ഡെന്‍ലിയെ മാറ്റി മൂന്നാം സ്പിന്നറായി ടീമിലേക്ക് എത്തുമെന്നതാണ് ഏറ്റവും ശക്തമായി പുറത്ത് വരുന്ന വാര്‍ത്ത. അതേ സമയം പാക്കിസ്ഥാന്‍ പരമ്പരയില്‍ വലിയ പ്രകടനം പുറത്തെടുക്കുവാന്‍ പറ്റാത്തതാണ് ജോ ഡെന്‍ലിയ്ക്ക് തിരിച്ചടിയായത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ താരത്തെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. 6 ഓവറുകള്‍ മാത്രമാണ് താരത്തിനു എറിയുവാന്‍ സാധിച്ചത്, വിക്കറ്റൊന്നും ലഭിച്ചില്ല. അതേ സമയം 2 മത്സരങ്ങളില്‍ ബാറ്റ് ചെയ്ത താരം 17 റണ്‍സ് മാത്രമേ നേടിയിട്ടുള്ളു.
ഇംഗ്ലണ്ടിനായി ഒക്ടോബര്‍ 2018ല്‍ ആണ് ഡോസണ്‍ അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കളിച്ചത്. മോയിന്‍ അലിയ്ക്കും ആദില്‍ റഷീദിനും ശേഷം രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നറെന്നാണ് ഡോസണെ ടീം കോച്ച് ട്രെവര്‍ ബെയിലിസ്സ് വിശേഷിപ്പിച്ചത്. താരത്തിനെക്കാള്‍ മികച്ച ബാറ്റ്സ്മാന്‍ ജോ ഡെന്‍ലി ആണെങ്കിലും അതിശക്തമായ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ താരത്തിന്റെ സേവനം ആവശ്യമായി വന്നേക്കില്ല എന്നതും താരത്തിനെ ഒഴിവാക്കുവാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.
അതേ സമയം അടുത്തിടെ മാത്രം ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തിയ ജോഫ്ര ആര്‍ച്ചറെ ഇംഗ്ലണ്ട് ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. ഡേവിഡ് വില്ലിയ്ക്ക് പകരമാണ് താരം ടീമിലേക്ക് എത്തുക. വിലക്ക് നേരിടുന്ന് അലെക്സ് ഹെയില്‍സിനു പകരം ജെയിംസ് വിന്‍സും ടീമിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തുന്നതിനെതിരെയും അനുകൂലമായും വന്‍ വാദങ്ങള്‍ നടക്കുന്നതിനിടെ പാക്കിസ്ഥാനെതിരെ ലഭിച്ച അവസരങ്ങളിലെ ശ്രദ്ധേയമായ പ്രകടനമാണ് താരത്തിനു ഏറെ അനുകൂലമായി കാര്യങ്ങള്‍ മാറ്റിയതെന്നാണ് അറിയുന്നത്. അതേ സമയം തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്ന് മാത്രമാകുമെന്നാണ് അറിയുന്നത്.