സച്ചിന്റെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലി ഇന്നിറങ്ങുന്നു

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 11000 റൺസ് തികച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ ഇന്ത്യൻ വിരാട് കോഹ്‌ലി ഇന്നിറങ്ങുന്നു. ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇറങ്ങുമ്പോഴാണ് സച്ചിന്റെ റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്‍ലിക്ക് അവസരം കൈവന്നിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ 57 റൺസ് നേടുകയാണെങ്കിൽ വിരാട് കോഹ്‌ലി ഏകദിനത്തിൽ 11000 റൺസ് എന്ന നേട്ടം കൈവരിക്കും.

ന്യൂസിലാൻഡിനെതിരെയുള്ള മത്സരം വിരാട് കോഹ്‌ലിയുടെ 222മത്തെ ഏകദിന മത്സരമാണ്.  276 ഏക ദിന മത്സരങ്ങൾ കളിച്ചതിനു ശേഷമാണു സച്ചിൻ 11000 റൺസ് നേടിയത്. ഈ നേട്ടം മറികടക്കാൻ ഇന്ന് 57 റൺസ് എടുത്താൽ വിരാട് കോഹ്‌ലിക്ക് കഴിയും.  ഏകദിനത്തിൽ 11000 റൺസ് നേടുന്ന മൂന്നാമത്തെ താരം മാത്രമാവും വിരാട് കോഹ്‌ലി. 18426 റൺസ് എടുത്ത സച്ചിൻ ടെണ്ടുൽക്കറും 11363 റൺസ് എടുത്ത സൗരവ് ഗാംഗുലിയുമാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.

ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ തന്റെ പതിവ് ഫോം പുറത്തെടുക്കാൻ വിരാട് കോഹ്‌ലിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ 82 റൺസ് എടുത്ത കോഹ്‌ലി താൻ ഫോമിലാണെന്ന് തെളിയിച്ചിരുന്നു.