നാലാം സ്ഥാനത്ത് വിജയ് ശങ്കർ മതിയെന്ന് മുൻ ഇന്ത്യൻ താരം

- Advertisement -

ലോകകപ്പിൽ ഇന്ത്യയുടെ നാലാം നമ്പർ സ്ഥാനത്ത് കളിയ്ക്കാൻ വിജയ് ശങ്കർ ആണ് മികച്ചതെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. നാലാം സ്ഥനത്തേക്ക് ഇന്ത്യ പരിഗണിക്കുന്ന കെ.എൽ. രാഹുലിന് ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങുന്നതാവും നല്ലതെന്നും മഞ്ചരേക്കർ പറഞ്ഞു. അതെ സമയം പരിശീലനത്തിനിടെ പരിക്കേറ്റ വിജയ് ശങ്കർ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. മെയ് 28ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിൽ വിജയ് ശങ്കർ പരിക്ക് മാറി ടീമിൽ ഇടം പിടിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല.

കെ.എൽ രാഹുൽ നാലാം സ്ഥാനത്തേക്കാളും ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ആണ് യോജിക്കുക. വിജയ് ശങ്കറിനെ ആ സ്ഥാനത്ത് ഇറക്കി എങ്ങനെ കളിക്കുമെന്ന് നോക്കണം മഞ്ചരേക്കർ പറഞ്ഞു. നാലാം സ്ഥാനത്ത് കളിക്കുന്ന ഒരു ഏതൊരു സാഹചര്യത്തെയും നേരിടാനുള്ള കഴിവ് ഉണ്ടാവണമെന്നും ശങ്കർ തന്റെ ക്രിക്കറ്റ് കരിയറിൽ മധ്യ നിരയിൽ കളിച്ചത് ഇവിടെ ഗുണം ചെയ്യുമെന്നും മഞ്ചരേക്കർ പറഞ്ഞു.

ജൂൺ 5ന് സൗത്ത് ആഫ്രിക്കക്കെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യ ഇതുവരെ നാലാം നമ്പർ സ്ഥാനത്ത് ആരെ കളിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂ സിലാൻഡിനെതിരെ കെ.എൽ രാഹുലിനെ നാലാം സ്ഥാനത്ത് ഇറക്കിയെങ്കിലും രാഹുലിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 10 ബോളിൽ വെറും 6 റൺസ് എടുത്ത് ട്രെന്റ് ബോൾട്ടിന് വിക്കറ്റ് നൽകി രാഹുൽ മടങ്ങുകയായിരുന്നു.

Advertisement